1. ഒരു നേരത്തെ ഭക്ഷണം
‘‘പ്രാദേശിക വാർത്തകളുടെയും വിദേശവാർത്തകളുടെയും പേജുകൾ മുഖാമുഖം നൽകുന്ന രീതി നിങ്ങൾ ഒഴിവാക്കണം’’... ഒരാൾ വിളിച്ച് ദേഷ്യപ്പെട്ടു.
‘‘വൈ ഷുഡ് വീ?’’ പത്രാധിപർ നെറ്റിനനവൊപ്പി.
‘‘ഇന്ന് പത്രമെടുത്തപ്പോ താളുകൾ വിടർത്താനാകുന്നില്ല. ഉമിനീരുപോലെ, കണ്ണീരുപോലെ ഒരു നനവിൽ പ്രാദേശിക വാർത്തകളുടെയും വിദേശവാർത്തകളുടെയും പേജുകൾ ഒട്ടിപ്പിടിച്ചിരിക്കുന്നു.’’
‘‘ഉമിനീരും കണ്ണീരും ഞങ്ങൾ അച്ചടിച്ചതല്ല’’... പത്രാധിപർ അക്ഷമയുടെ അച്ച് നിരത്തി.
വിളിച്ചയാൾ കാൾ കട്ട് ചെയ്യുംമുമ്പ് അലറി: ‘‘അമ്പലപ്പുഴ വള്ളസദ്യയുടെ സചിത്രവാർത്തക്കോളത്തിൽ ഒട്ടിയ നിലയിലായിരുന്നു പട്ടിണിയിടപ്പെട്ട് മരിച്ച ഗസ്സയിലെ കുട്ടികളുടെ സചിത്രവാർത്തക്കോളം’’
2. മദക്കൂട്ടം
‘‘എന്തിനാണ് പിന്നാലേ വരുന്നത്, ഞാൻ കളഞ്ഞുപോയ നെറ്റിപ്പട്ടവും ചങ്ങലയും തിരയുകയാണ്...’’
പുഞ്ചവയല്‍ കുറുക്കെടുത്തോടി, ഏത്തവാഴത്തോപ്പ് ചാടിക്കടന്ന് മരച്ചീനിപ്പറമ്പാകെ പരതിക്കൊണ്ട് ആന ചിന്നം വിളിച്ചുകൂവി.
3. വിനോദസഞ്ചാരിണി
സ്ലാബ് പൊട്ടി റോഡിലേക്ക് കുത്തിയൊലിക്കുന്ന അസഹ്യ ദുര്‍ഗന്ധ മലിനജലത്തിൽ വീണുകിടന്ന് സമീപമുള്ള അതിഥി ദേവോ ഭവ, ഇൻക്രെഡിബ്ൾ ഇന്ത്യ എന്നൊക്കെയെഴുതിയ പരസ്യപ്പലകകളിലേക്ക് പല്ലിറുമ്മുന്ന വിദേശവനിതയെ നോക്കി അയാള്‍ ചീറ്റി: ‘‘ഞാന്‍ കത്തിയുമായി പിന്തുടരുന്നത് കണ്ട് നീ മനപ്പൂര്‍വം ചാടിയതല്ലേ!’’
4. യുദ്ധകാലം
ഒരു വെടി പൊട്ടി.
ഒരാള്‍ ആകാശത്തേക്ക് ഉയര്‍ന്നുപോയി.
ഒരു വെടികൂടി പൊട്ടി.
മറ്റൊരാള്‍ ആകാശത്തേക്ക് പറന്നുപൊങ്ങി.
പിന്നെ പടപടാ വെടികൾ പൊട്ടി.
ചറപറാ കുറേപ്പേര് ആകാശത്തേക്കുയര്ന്നുപോയി.
ഇപ്പോള്‍ വെടികൾ പൊട്ടാതെ തന്നെ ആളുകൾ ആകാശത്തേക്ക് പറന്നുപോയിക്കൊണ്ടിരിക്കുന്നു.
5. തന്തവൈബ്
‘ഇത്രമാത്രം അനീതി ഉണ്ടായിട്ടും ഒരാൾപോലും പ്രതിഷേധിക്കാത്തതെന്താണ്?, ഒരാൾപോലും സമരത്തിന് ഇറങ്ങാത്തതെന്താണ്?’ അയാൾ അമർഷം കൊണ്ട് ചീറി പോപ്കോൺ കപ്പ് വലിച്ചെറിഞ്ഞു. ശേഷം ഒഴിഞ്ഞ സോഫയിൽ കുന്തിച്ചിരുന്ന് യുദ്ധവാർത്താ ചാനൽ മാറ്റി.
6. മത്സരക്കാലം
ഓടിയോടിക്കയറുകയാണ്; എസ്കലേറ്റര്പ്പടവുകൾ.
7. കാലസര്‍പ്പം
ചുവരിലൂടെ ഇഴഞ്ഞുകയറി.
കട്ടിലിലൂടെ വളഞ്ഞിഴഞ്ഞു.
കാലിലൂടെ വരിഞ്ഞുകയറി.
തുടകളിലൂടെ പുളഞ്ഞുമുന്നേറി.
വയറ്റിലൂടെ വഴുവഴുത്തിഴഞ്ഞു.
നെഞ്ചിലൊന്നുചുരുളിട്ട് വാല് കുത്തി.
കഴുത്തിലൂടെ വളയമിട്ടു.
കണ്ണിന് നേരേ ഇരട്ടനാവിളക്കി ആയവേ അതീവശ്രദ്ധയോടെ കൈഫോൺ മാറ്റിപ്പിടിച്ച് അവൻ/ൾ കെഞ്ചി: ‘ഒൺ സെക്കന്‍ഡ് ഒൺ സെക്കന്‍ഡ്’.’’
8. ഏണി
സാർ, ഓട അടഞ്ഞ് റോഡിലുണ്ടായ വെള്ളക്കെട്ട്.
മരം കടപുഴകി കുറുകേ വീണത്.
ബസ് ബ്രേക്ക്ഡൗണായത്...
ഒക്കെ തരണംചെയ്തു സാർ.
പക്ഷേ എന്റെ സാറേ, വർധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകളിലും കാര്‍ഷിക കടങ്ങൾ എഴുതിത്തള്ളാത്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തിയ ഉപരോധജാഥ സൃഷ്ടിച്ച ഗതാഗതക്കുരുക്ക്...
പെട്ടുപോയി സാറേ. അത് കാരണമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിന്റെ പ്രവേശനപ്പരീക്ഷക്ക് കൃത്യസമയത്തിന് എത്താനാകാതെ പോയത്.
9. മേഘസംഭരണി
‘‘സീസർ ഈജിപ്ത് ആക്രമിച്ചപ്പോൾ അലക്സാൻഡ്രിയ ലൈബ്രറി മാസങ്ങളോളം നിന്ന് കത്തി’’
അധ്യാപകൻ പറഞ്ഞു: ‘‘അപൂർവ ഗ്രന്ഥങ്ങൾ നിറഞ്ഞ നളന്ദ ആറുമാസംകൊണ്ടാണ് കത്തിത്തീർന്നത്.’’
‘‘ബുക്സ് എല്ലാം ഡിജിറ്റൽ ഫോർമാറ്റിൽ ആക്കി ക്ലൗഡ് സ്റ്റോറേജിൽ സുരക്ഷിതമായി സംഭരിക്കാനുള്ള ബുദ്ധി അവിടാര്‍ക്കും ഇല്ലായിരുന്നോ?’’ ഓൺലൈൻ ക്ലാസിലെ കുട്ടി പവര്‍ഗ്ലാസ് നേരേയാക്കിക്കൊണ്ട് ചോദിച്ചു.
10. കുഞ്ഞിക്കൂട്
ഇന്ന് കുഞ്ഞിയെ മൃഗശാലയിലും പുഷ്പോദ്യാനത്തിലും കൊണ്ടുപോയി.
‘ഏതാണ് കുഞ്ഞിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്?’ തിരികെയെത്തിയപ്പോൾ ഞാൻ ചോദിച്ചു.
‘മൃഗശാലയാണ് ഏറ്റവും ഇഷ്ടപ്പെട്ടത്’ കുഞ്ഞി പറഞ്ഞു.
‘അതെന്താ?’ ഞാൻ ചോദിച്ചു.
‘മൃഗശാലയിൽ എല്ലാവർക്കും ഭംഗിയുള്ള കൂടുകൾ ഉണ്ടല്ലോ. പുഷ്പോദ്യാനത്തിൽ ഒരു ചെടിക്കുപോലും കൂടില്ല’ കുഞ്ഞി എന്റെ കൈയിൽനിന്ന് ഫോൺ തട്ടിയെടുത്തുകൊണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.