കാൻവാസിൽ സ്കെച്ചിടുന്ന നാരായണൻ മാസ്റ്റർ (ഫയൽ ചിത്രം)
കുഞ്ഞിമംഗലത്തിന്റെ കലാഗുരുവിന് വിട
പയ്യന്നൂർ: കുഞ്ഞിമംഗലത്തിന്റെ സർഗാത്മകതക്ക് വിത്തിട്ട ഗുരു ഇനിയില്ല. കല കച്ചവടമല്ലെന്ന തിരിച്ചറിവിൽ ഒരു നാടിന്റെ കലായാത്രക്ക് തണൽ വിരിച്ച അധ്യാപകനായിരുന്നു വെള്ളിയാഴ്ച വിടവാങ്ങിയ നാരായണൻ മാസ്റ്റർ. ഗോപാൽ യു.പി സ്കൂളിൽ പഠിക്കുമ്പോൾ കടലാസിലും മറ്റും കോറിയിട്ട ചിത്രങ്ങൾ കണ്ട്, അധ്യാപകനായ വി.വി. മാധവൻ മാഷാണ് നാരായണൻ ചിത്രകല പഠിക്കണമെന്ന് സ്നേഹത്തോടെ നിർബന്ധിച്ചത്.
ചിത്രകലയുടെ ലോകത്തേക്ക് നടന്ന് കയറാൻ പയ്യൻ കുഞ്ഞിരാമന്റെയും കൈപ്രത്ത് പാർവതിയുടേയും മകനായ നാരായണന് ഇത് വഴിവിളക്കായി. പ്രാഥമിക ക്ലാസുകൾക്ക് ശേഷം പയ്യന്നൂർ ഗവ. ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ ചിത്രകലയും പഠിക്കാൻ തുടങ്ങി. ആറ് കിലോമീറ്റർ അകലെയുള്ള പയ്യന്നൂരിലേക്ക് നടന്ന്, കഷ്ടപ്പാടുകൾ ഏറെ സഹിച്ച് പത്താംതരം കഴിയുമ്പോൾ തന്നെ ചിത്രകലയിൽ ലോവറും ഹയറും വിജയിക്കാൻ കഴിഞ്ഞത് നിശ്ചയ ദാർഢ്യത്തിന്റെയും കലയോടുള്ള അടങ്ങാത്ത പ്രണയത്തിന്റെയും ഉദാഹരണമാണ്.
പഠനം പൂർത്തിയായപ്പോൾ തന്നെ 1961ൽ താൻ പഠിച്ച ഗോപാൽ യു.പി സ്കൂളിൽ ഡ്രിൽ കം ഡ്രോയിങ് അധ്യാപകനായി എത്തി. മലപ്പുറത്ത് അധ്യാപകനായി ജോലിയിലിരിക്കെയാണ് സിനിമയിൽ കലാസംവിധാനത്തെക്കുറിച്ച് പഠിക്കാനുള്ള മോഹമുദിച്ചത്.
മദിരാശിയിലേക്ക് വണ്ടി കയറുമ്പോൾ മനസ്സിൽ ചിത്രകലാ മോഹം മാത്രമായിരുന്നില്ല. അക്കാലത്ത് നാടകങ്ങളിൽ ലഭിച്ച മികച്ച വേഷങ്ങളും നല്ല അനുഭവങ്ങളും ഇന്ധനമാക്കി സിനിമയിലും ഒരു കൈ നോക്കാമെന്ന കൊച്ചു മോഹവും ഉള്ളിലൊതുക്കിയിട്ടുണ്ടായിരുന്നു. രണ്ടു മാസത്തെ ജെമിനി സ്റ്റുഡിയോവിലെ ജീവിതം സിനിമയിലെ കലാസംവിധാനത്തെ കുറിച്ചും സാധ്യതകളെക്കുറിച്ചും നേടിയ ബോധ്യങ്ങൾ അത്ര പോസിറ്റീവായിരുന്നില്ല.
ആദ്യം തെരഞ്ഞെടുത്ത അധ്യാപനം തന്നെ തുടരുന്നതാണ് നല്ലതെന്ന തിരിച്ചറിവാണ് നാടിന്റെ കലാ വളർച്ചക്ക് വളമായത്. അങ്ങനെ മധ്യവേനലവധിയുടെ അവസാനമായപ്പോൾ സിനിമ മോഹം മദിരാശിയിലുപേക്ഷിച്ച് നാട്ടിലേക്ക് വണ്ടി കയറി. ചിത്രകല പഠിക്കാൻ തങ്ങളനുഭവിച്ച പ്രയാസങ്ങളോർത്താണ് മച്ചുനനും സഹയാത്രികനുമായ പപ്പൻ മാഷുമായി ചേർന്ന് 1969ൽ കണ്ടങ്കുളങ്ങരയിൽ പയ്യൻ ആർട്സ് എന്ന ചിത്രകലാ സ്ഥാപനം തുടങ്ങുന്നത്.
നാട്ടിലും വിദേശത്തും പേരെടുത്ത എത്രയോ ചിത്രകാരന്മാർ കണ്ടങ്കുളങ്ങരയിലെ അസൈനാറുടെ പീടികയുടെ മുകളിലത്തെ നിലയിലുള്ള പയ്യൻ ആർട്സിൽ നിന്ന് ചിത്രകലയുടെ വലിയ ലോകത്തിലേക്ക് പടികൾ ചവുട്ടി കയറി വന്നവരായിരുന്നു. ചിത്രകലയോടൊപ്പം ചെസിലും വോളീബാളിലും തിളങ്ങി നിന്ന നാരായണൻ മാഷ് കുഞ്ഞിമംഗലത്തെ കല സാസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.