ഐക്യ കേരളത്തിന്‍റെ നഷ്ടം

തിരു-കൊച്ചി സംസ്ഥാന രൂപവത്കരണം 1949ൽ നടന്നതോടെ ഐക്യകേരളം എന്ന സ്വപ്നത്തിലേക്ക് അധികം ദൂരമില്ലെന്ന് വ്യക്തമായിരുന്നു. ദീർഘകാലമായി പല കോണുകളിൽനിന്ന് ഐക്യകേരളത്തിനായി ശ്രമം നടക്കുന്നുണ്ട്. കോൺഗ്രസും കമ്യൂണിസ്റ്റു പാർട്ടിയുമെല്ലാം അതിനായി പരിശ്രമിച്ചു. കന്യാകുമാരി മുതൽ ഗോകർണംവരെ സ്ഥലങ്ങൾ ഉൾപ്പെടുന്നതായിരുന്നു ഐക്യകേരള സങ്കൽപം. എന്നാൽ, അതിന് തിരിച്ചടി നേരിട്ടു. തിരുവിതാംകൂറിലെ തമിഴ് ഭാഷ സംസാരിക്കുന്നവർക്ക് ഭൂരിപക്ഷമുള്ള മേഖലകൾ മലയാളം സംസാരിക്കുന്നവരിൽനിന്ന് മാറ്റി തമിഴ് ഭാഷ സംസ്ഥാനം രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമായി.

ഉത്തരവാദ പ്രേക്ഷാഭണ വേളയിൽ സ്റ്റേറ്റ് കോൺഗ്രസിലെ ഐക്യം തകർക്കാൻ തമിഴ് ഭാഷ സംസാരിക്കുന്ന സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകരെയും മലയാള ഭാഷ സംസാരിക്കുന്ന സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകരെയും തെറ്റിക്കാൻ തിരുവിതാംകൂർ ദിവാൻ അടക്കമുള്ളവർ ശ്രമിച്ചിരുന്നു. തിരുവിതാംകൂറിലെ മലയാളം സംസാരഭാഷയായ സ്റ്റേറ്റ് കോൺഗ്രസ് നേതാക്കളുടെ ഔദ്ധത്യവും സങ്കുചിതകാഴ്ചപ്പാടുകളും തമിഴരിൽ ആശങ്കയും വെറുപ്പും സൃഷ്ടിച്ചു. അധികാരം കിട്ടിയാൽ തങ്ങൾ തഴയപ്പെടുമെന്ന് അവർ സംശയിച്ചു. തിരുവിതാംകൂറിനുള്ളിൽ തന്നെയുള്ള ഒരു ഭാഷ ദേശീയ ജനവിഭാഗമായി തമിഴ് സംസാരിക്കുന്നവരെ സ്റ്റേറ്റ് കോൺഗ്രസ് തുടക്കം മുതൽ പരിഗണിച്ചിരുന്നില്ല. തമിഴ് തിരുവിതാംകൂറിൽ നിന്ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ തലയെടുപ്പുള്ള പല നേതാക്കളുമുണ്ടായിരുന്നു. എ. േനശമണി, സാം നഥാനിയേൽ, പി.എസ്. മണി, ആർ.കെ. വേലായുധ പെരുമാൾപിള്ള, എ. കുഞ്ഞൻ നാടാർ, ചിദംബരനാടാർ, ചിദംബരപിള്ള, അബ്‌ദുൾറസാക്ക് തുടങ്ങിയവരായിരുന്നു അത്. എന്നാൽ, അവർക്ക് മലയാളി നേതാക്കൾക്കുള്ള പ്രാമുഖ്യം ലഭിച്ചിരുന്നില്ല.

1930കളുടെ ഒടുവിൽ ചില തമിഴ് സംഘടനകളും വ്യക്തികളും തമിഴർക്കായി പ്രത്യേക പ്രവിശ്യ (ജില്ല) രൂപവത്കരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. അഗസ്തീശ്വരം, തോവാള, കല്ക്കുളം, വിളവൻകോട് താലൂക്കുകൾ ചേർന്ന് പ്രവിശ്യയായിരുന്നു ലക്ഷ്യം. അത് നാലു താലൂക്കുകൾ മദ്രാസ് സംസ്ഥാനമായി ലയിപ്പിക്കുക എന്ന ആവശ്യമായി വളർന്നു. 1938 ജൂലൈയിൽ തമിഴ്‌നാട് കോൺഗ്രസ് സമ്മേളനത്തിൽ തെക്കൻ തിരുവിതാംകൂറിലെ തമിഴർക്കായി തമിഴ് ജില്ല എന്ന ആവശ്യം ഉയർന്നു. 1938 ഒക്ടോബർ ഒന്നിന് അഗസ്തീശ്വരം താലൂക്കിലെ രാജാക്കമംഗലത്ത് തമിഴരുടെ സമ്മേളനം ചേർന്നു. തെക്കൻ തിരുവിതാംകൂറിൽ നാല് താലൂക്കുകൾ ഒന്നിപ്പിച്ച് പ്രവിശ്യ രൂപവത്കരിക്കണമെന്ന പ്രമേയം സമ്മേളനം പാസാക്കി. തമിഴ് ആവശ്യം ക്രമേണ രാഷ്ട്രീയ പ്രസ്ഥാനമായി മാറി. 1938 സെപ്റ്റംബറിൽ നാഞ്ചിനാട് തമിഴൻ അസോസിയേഷൻ രൂപംകൊണ്ടതായിരുന്നു ഇതിൽ നിർണായക ഘട്ടം.

1939നും 1945നും ഇടക്ക് തിരുവിതാംകൂറിലെ തമിഴ് മേഖലകളിൽ നിരവധി സമ്മേളനങ്ങൾ നടന്നു. തുടർന്ന് ചില തമിഴ് സംഘടനകൾ ഉദയംചെയ്തു. 1944 നവംബർ 26ന് വി.എസ്. സുബ്രഹ്മണ്യ അയ്യരുടെ അധ്യക്ഷതയിൽ ആൾ കേരള തമിഴ് സംഘം സ്ഥാപിക്കപ്പെട്ടു. 1945ൽ സാം നദാനിയേലിന്റെ മുൻകൈയിൽ ഓൾ ട്രാവൻകൂർ തമിഴ് സംഘം ഉടലെടുത്തു. 1945ൽ തന്നെ, പി.എസ്. മണിയുടെ നേതൃത്വത്തിൽ നാഞ്ചിനാടിൽ നാഞ്ചിൽ തമിഴർ കോൺഗ്രസ് രൂപവത്കരിക്കപ്പെട്ടു. അതിന് ചില കാരണങ്ങളുണ്ടായിരുന്നു. 1945 നവംബറിൽ നാഗർകോവിൽ എസ്. ശിവൻപിള്ളയുടെ വീട്ടിൽ മുത്തു കറുപ്പപിള്ളയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് മേഖലാ സമ്മേളനം നടന്നു.

അതിൽ തമിഴ് നേതാക്കളും മലയാളി നേതാക്കളും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായി. കാസർകോടു മുതൽ കന്യാകുമാരിവരെയുള്ള പ്രദേശം ഒരുമിപ്പിച്ച് കേരള പ്രവിശ്യ രൂപവത്കരിക്കണമെന്ന പ്രമേയം ഐക്യകേരള വാദികൾ മുന്നോട്ടുവെച്ചു. തിരുവിതാംകൂർ കോൺഗ്രസ് കമ്മിറ്റിയിലെ ചില തമിഴ് അംഗങ്ങൾ ഇതിനെ എതിർത്തു. ആർ.കെ. റാം, പി.എസ്. മണി, ആർ. ഈശ്വർ തുടങ്ങിയവരായിരുന്നു അത്. നാഞ്ചിൽനാട് ‘തമിഴ്‌നാടി’നോടാണ് കൂട്ടിച്ചേർക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടു. ഇതോടെ തമിഴ്-മലയാളം വിഷയത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ തെക്കൻ തിരുവിതാംകൂർ നേതൃത്വത്തിൽ ഭിന്നതയുണ്ടായി. ഉത്തരവാദിത്ത ഭരണം നേടുക എന്ന ലക്ഷ്യം പ്രാവർത്തികമാക്കാൻ ശ്രമിക്കാതെ ഐക്യകേരള സംസ്ഥാന രൂപവത്കരണത്തിനായി വാദിക്കുന്നത് ശരിയല്ല എന്ന നിലപാടുയർത്തി പി.എസ്. മണി യോഗത്തിൽ വാദിച്ചു. ഐക്യകേരള സംസ്ഥാനം രൂപവത്കരിക്കുകയാണെങ്കിൽ തമിഴ് താലൂക്കുകൾ പ്രത്യേക പ്രവിശ്യയോ ജില്ലയോ ആക്കണമെന്നും അവർ വാദിച്ചു. പി.എസ്. മണി, ആർ. കെ. റാം എന്നിവർ അതോടെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വിട്ടു. 1945 ഡിസംബർ 18ന് നാഗർകോവിലിൽ സമ്മേളനം നടന്നു. സാം നഥാനിയേൽ ആയിരുന്നു അധ്യക്ഷൻ. യോഗത്തിൽ നാഞ്ചിൽ തമിഴർ കോൺഗ്രസ് എന്ന പേര് ‘ആൾ ട്രാവൻകൂർ തമിഴർ കോൺഗ്രസ്’ എന്നാക്കി.

ഇരവി പുത്തൂരിൽ 1946 ജൂൺ 30ന് ചേർന്ന ആൾ തിരുവിതാംകൂർ തമിഴർ കോൺഗ്രസ് ഭാരവാഹി യോഗത്തിൽ സംഘടനയുടെ പേര് ‘തിരുവിതാംകൂർ തമിഴ്‌നാട് കോൺഗ്രസ്’ (ടി.ടി.എൻ.സി) എന്നാക്കി. തോവാള, കല്ക്കുളം, അഗസ്തീശ്വരം, വിളവൻകോട് താലൂക്കുകൾക്കൊപ്പം നെയ്യാറ്റിൻകരയും ചേർക്കണമെന്ന് അവർ വാദിച്ചു.

ഐക്യകേരള വാദം ഉയർന്നപ്പോൾ 1946 സെപ്റ്റംബർ 20ന് തിരുവിതാകൂർ തമിഴ്‌നാട് കോൺഗ്രസ് പ്രവർത്തക യോഗം നാഗർകോവിലിൽ ചേർന്നു. തിരുവിതാംകൂറിലെ തമിഴർക്ക് പ്രത്യേക പ്രവിശ്യ വേണമെന്ന ആവശ്യമുയർന്നു. മദ്രാസ് പ്രദേശ് കോൺഗ്രസ് നേതാവ് എം.പി. ശിവജ്ഞാനം യോഗങ്ങളിൽ സംസാരിച്ചു. അദ്ദേഹം 1947 ജനുവരി 14 നും 21 നും ഇടക്ക് പൊങ്കൽ ദിവസം തമിഴ് തിരുനാൾ വാരം ആചരിക്കാൻ തിരുവിതാകൂർ തമിഴ് നേതാക്കളോട് ആവശ്യപ്പട്ടു. സ്റ്റേറ്റ് കോൺഗ്രസിന്റെ വാർഷിക സമ്മേളനം നാഗർകോവിലിൽ നടത്താൻ തീരുമാനിച്ചത് തമിഴ് ഭാഗത്തുള്ളവർ എതിർത്തു. തുടർന്ന് സമ്മേളനം 1947 മാർച്ച് 30ലേക്ക് മാറ്റിവെച്ചു. ഇത് സ്ഥിതി വഷളാക്കി.

1947 ജനുവരി 5ന് തിരുവിതാംകൂർ തമിഴ്‌നാട് കോൺഗ്രസ് യുവജന വിഭാഗം ഖാദിവസ്ത്രം ധരിച്ച്, ശുചീന്ദ്രം ക്ഷേത്രത്തിലെത്തി. രഥോത്സവത്തിന് മൂവർണ ദേശീയ പതാക രഥത്തിന്റെ മുകളിൽ കെട്ടുന്നതിന് അനുവദിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടത് നിരസിച്ചു. അതോടെ രഥമെഴുന്നള്ളിപ്പ് തടസ്സപ്പെടുത്താൻ തുനിഞ്ഞു. പ്രകടനക്കാർക്കെതിരെ പൊലീസ് വെടിവെച്ചു. നാലുപേർ കൊല്ലപ്പെട്ടു. നാലുപേർക്ക് ഗുരുതരമായി മുറിവേറ്റു. ഈ സംഭവം തമിഴർക്കെതിരെയുള്ള ഭരണകൂട നടപടിയായി തമിഴ് സംഘടന ഉയർത്തിക്കാണിച്ചു. സംഭവം സ്വതന്ത്ര തിരുവിതാംകൂർ വിരുദ്ധ -തമിഴ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി.

ശിവജ്ഞാനത്തിന്റെ നിർദേശമനുസരിച്ച് തമിഴ് തിരുനാൾ വാരാചരണം നടന്നു, പൊതു സമ്മേളനങ്ങൾ നടന്നു. 1947 മാർച്ച് 21ന് മദ്രാസിൽ നടന്ന തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ തിരുവിതാംകൂർ തമിഴ് മേഖല മദ്രാസിന്റെ ഒരു ജില്ല കോൺഗ്രസ് കമ്മിറ്റിയായി (ഡി.സി.സി) അംഗീകരിക്കാൻ ശിവജ്ഞാനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈ സമയത്ത് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് പട്ടം താണുപിള്ള തമിഴ് തിരുവിതാംകൂറിൽ പര്യടനം ആരംഭിച്ചിട്ടുണ്ടായിരുന്നു. തമിഴ് സംഘടന ഇതിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

1948 ജനുവരി-ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ തമിഴ് പാർട്ടി 18 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 14 പേർ ദക്ഷിണ തിരുവിതാംകൂറിലും ബാക്കിയുള്ളവരെ പീരുമേട്, ദേവികുളം, നെയ്യാറ്റിൻകര, ചെങ്കോട്ട എന്നിവിടങ്ങളിലും മത്സരിപ്പിച്ചു. മങ്കാട്ടിലും പിൻകുളത്തും വെടിവെപ്പുകൾ നടന്നു. മങ്കാട് ദേവസഹായവും, വെങ്കുളത്ത് പെരിയവിള ചെല്ലപ്പനും മരണപ്പെട്ടു. ഭരണകൂടം തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന് അനുകൂലമായി പെരുമാറുന്നുവെന്നും ടി.ടി.എൻ.സി പ്രവർത്തകരെയും വോട്ടർമാരെയും കേസിൽ കുടുക്കുന്നുവെന്നും തമിഴ്‌പാർട്ടി ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് 112 സീറ്റുകളിൽ മത്സരിച്ച് 97 സീറ്റുകൾ നേടി. തിരുവിതാംകൂർ തമിഴ്‌നാട് കോൺഗ്രസ് 14 എണ്ണം നേടി. മുസ്‍ലിം ലീഗ് മത്സരിച്ച 8 സീറ്റുകളിലും ജയിച്ചു. 17 സീറ്റുകളിൽ മത്സരിച്ച കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരാളെയും ജയിപ്പിക്കാനായില്ല. ഒരു സ്വതന്ത്രനും തെരഞ്ഞെടുക്കപ്പെട്ടു. പല മണ്ഡലങ്ങളിലും തമിഴ് കോൺഗ്രസ് സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടിന്റെ പകുതിയേ സ്റ്റേറ്റ് കോൺഗ്രസ് സ്ഥാനാർഥികൾ നേടിയുള്ളു; തമിഴ്ജനത ഭൂരിപക്ഷവും തമിഴ്നാട് വാദത്തിനൊപ്പമായിരുന്നുവെന്നർഥം. 1949 മാർച്ച് 21ന് തമിഴ് കോൺഗ്രസിലെ 16 അംഗങ്ങൾ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി സർദാർ പട്ടേലിനെകണ്ട് നിവേദനം നൽകി.

ഇതിനിടയിൽ ഭാഷാപ്രശ്നത്തിൽ തമിഴ് കോൺഗ്രസ് പാർട്ടി പിളർന്നു. സാം നഥാനിയേൽ പാർട്ടി എക്സിക്യൂട്ടിവ് അംഗങ്ങളുടെയും നിയമസഭാ അംഗങ്ങളുടെയും യോഗം വെവ്വേറെ വിളിച്ചുചേർത്തു. അദ്ദേഹം പാർട്ടി പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ 1950 ഒക്ടോബർ 16ന് നാഗർകോവിലിലെ പാർട്ടി ഓഫിസിൽ യോഗം ചേർന്നു. വൈസ് പ്രസിഡൻറായിരുന്ന പി. രാമസ്വാമി പിള്ളയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നേശമണി നിർദേശിച്ചു. എന്നാൽ, ഗാന്ധി രാമൻപിള്ള താണുലിംഗം നാടാരുടെ പേര് നിർദേശിച്ചു. വോട്ടെടുപ്പിൽ രാമസ്വാമിപിള്ള തമിഴ് കോൺഗ്രസ് പ്രസിഡന്റായി. തുടർന്ന് താണുലിംഗം നാടാരും പിന്തുണക്കുന്നവരും നാഗർകോവിലിലെ ഒഴുങ്ങിനശ്ശേരിയിൽ യോഗം ചേർന്നു. അവരുടെ നേതാവായി നിയമസഭാംഗാം താണുലിംഗം നാടാരെയും ജനറൽ സെക്രട്ടറിമാരായി ടി.ടി. ഡാനിയേലിനെയും പി.എസ്. മണിയെയും തെരഞ്ഞെടുത്തു. മറ്റു രണ്ട് നിയമസഭാംഗങ്ങളായ ആർ.കെ. റാമും വി. ദാസും ഒപ്പമുണ്ടായിരുന്നു. ഈ മൂന്ന് എം.എൽ.എമാർ ചേർന്ന പ്രത്യേക ഗ്രൂപ് രൂപംകൊണ്ടു.

1951 ഡിസംബർ 10 മുതൽ 1952 ജനുവരി അഞ്ചുവരെ നടന്ന തെരഞ്ഞെടുപ്പിൽ അഗസ്തീശ്വരം, തോവാള, കൽക്കുളം, വിളവൻകോട്, പീരുമേട്, ദേവികുളം താലൂക്കുകളിലെ 12 മണ്ഡലങ്ങളിലേക്കും നാഗർകോവിൽ പാർലമെൻറ് മണ്ഡലത്തിലേക്കും മത്സരിക്കാൻ തമിഴ് കോൺഗ്രസ് തീരുമാനിച്ചു. നേശമണിയുടെ തമിഴ് കോൺഗ്രസിനെ തിരുവിതാംകൂർ തമിഴ്നാട് സ്റ്റേറ്റ് കോൺഗ്രസായി ഇലക്ഷൻ കമീഷൻ അംഗീകരിച്ചു. കൂടം ചിഹ്നമായി അനുവദിക്കപ്പെട്ടു. ഇേതത്തുടർന്ന് ദ തിരുവിതാംകൂർ തമിഴ്‌നാട് കോൺഗ്രസ് (ടി.ടി.ടി.എൻ.സി) എന്ന പേരിൽ താണുലിംഗം നാടാർ തന്റെ പാർട്ടി രജിസ്റ്റർ ചെയ്‌തു. കാളവണ്ടിയായിരുന്നു ചിഹ്നം. തെക്കൻ തിരുവിതാംകൂറിലെ നിയമസഭാംഗങ്ങളുടെ 10 ആയി ചുരുക്കിയിരുന്നു. നാഗർകോവിൽ പാർലമെൻറ് മണ്ഡലത്തിൽ എ. നേശമണിയായിരുന്നു തമിഴ്‌കോൺഗ്രസ് സ്ഥാനാർഥി. ഫലം വന്നപ്പോൾ തോവാള, അഗസ്തീശ്വരം, കല്ക്കുളം, വിളവൻകോട് മണ്ഡലങ്ങളിലെ 10 സീറ്റുകളിൽ ഏഴു സീറ്റുകളും ദേവികുളം-പീരുമേട് ദ്വയാംഗമണ്ഡലത്തിലെ ഒരു സീറ്റിലും ടി. ടി.എൻ.സി വിജയിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസ് 108 സീറ്റിൽമത്സരിച്ച് 44 എണ്ണം നേടി. ടി.ടി.എൻ.സിക്ക് 12ൽ 8 സീറ്റുകൾ. ടി.ടി.ടി.എൻ.സിയുടെ എല്ലാ സ്ഥാനാർഥികളും തോറ്റു.

നാഗർകോവിൽ പാർലമെൻറ് മണ്ഡലത്തിൽ നേശമണി 115893 വോട്ടുകൾക്ക് വിജയിച്ചു. ടി.ടി.ടി.എൻ.സി സ്ഥാനാർഥി സാം നദാനിയേൽ 4ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടി.ടി.എൻ.സി സ്ഥാനാർഥിയുടെ വിജയത്തെ ഒരു തരത്തിലും പാർട്ടിയിലെ പിളർപ്പ് ബാധിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി. പുതിയ നിയമസഭയിൽ ചിതംബരനാഥ നാടാർ ടി.ടി.എൻ.സി കക്ഷി സഭാനേതാവായും രാമസ്വാമിപിള്ള ഉപനേതാവായും തെരഞ്ഞെട ുക്കപ്പെട്ടു. കോൺഗ്രസുമായുണ്ടാക്കിയ സഖ്യത്തെത്തുടർന്ന് ടി.ടി. എൻ.സിയിലെ ചിതംബരനാഥ നാടാർ മന്ത്രിസഭയിൽ 1952 മേയ് 24ന് റവന്യൂ-വനം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഈ സമയത്ത് ടി.ടി.ടി.എൻ.സി പാർട്ടി പ്രസിഡൻറ് താണുലിംഗം നാടാരും പാറശ്ശാല മണ്ഡലത്തിൽനിന്നുള്ള സ്വതന്ത്ര എം.എൽ.എ കുഞ്ഞൻ നാടാരും ടി.ടി.എൻ.സി പാർട്ടിയിൽ ലയിച്ചു. നിയമസഭയിൽ ടി.ടി.എൻ സി അംഗബലം 9 ആയി ഉയർന്നു. ഇക്കാലത്ത് തമിഴ് വാദ സമരം പതിഞ്ഞ മട്ടിലായിരുന്നു. നാഗർകോവിലിൽ ചേർന്ന ടി.ടി.എൻ.സിയുടെ ജനറൽ ബോഡി1953 സെപ്റ്റംബർ 13ന് പാർട്ടി അംഗത്തെ മന്ത്രിസഭയിൽനിന്നും തിരിച്ചുവിളിക്കാൻ തീരുമാനമെടുത്തു. 15ന് ചിതംബരനാഥൻ നാടാർ മന്ത്രിസഭയിൽനിന്നും രാജിവെച്ചു. കോൺഗ്രസ് സഖ്യം ടി.ടി.എൻ.സി ഉപേക്ഷിച്ചു. കോൺഗ്രസിന് ഭൂരിപക്ഷം നഷ്ടമായി. 1953 സെപ്റ്റംബർ 22ന് ചേർന്ന സമ്മേളനത്തിൽ കോൺഗ്രസ് പാർട്ടി ഭൂരിപക്ഷം തെളിയിക്കാൻ നിർബന്ധിതരായി. ഒത്തുതീർപ്പ് ശ്രമങ്ങൾ പരാജയപ്പെട്ടു. മന്ത്രിസഭ നിലംപൊത്തി.

മാർത്താണ്ഡം വെടിവെപ്പ്

ടി.ടി.എൻ.സി പ്രവർത്തകയോഗം നാഗർകോവിലിൽ ചേർന്ന് 1954 ആഗസ്ത് 9 ‘ഡെലിവറൻസ് ഡേ’ (വിമോചന ദിനം) ആയി ആചരിക്കാൻ തീരുമാനിച്ചു. തമിഴ് അരശകഴകം, ദ്രാവിഡ മുന്നേറ്റ കഴകം എന്നീ പാർട്ടികളുടെ സഹകരണത്തോടെ വിമോചന ദിനം ആചരിക്കാനായിരുന്നു പരിപാടി. പിന്നീട് ആഗസ്റ്റ് 11ലേക്ക് മാറ്റി. അന്ന് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട യൂനിയൻ ട്രാൻസ്പോർട്ട് തൊഴിലാളി പണിമുടക്കും നടത്തി. വിമോചന ദിനത്തിൽ കുഴിത്തുറ, തക്കല, അരുമന, നാഗർകോവിൽ, ഭൂതപിണ്ടി, ചെങ്കോട്ട, ദേവികുളം, പീരുമേട് എന്നിവിടങ്ങളിൽ അക്രമം അരങ്ങേറി. നേശമണി, എ.എൻ. നൂറുമുഹമ്മദ്, കുഞ്ഞർ നാടാർ, രാമസ്വാമിപിള്ള എന്നിവരുടെ നേതൃത്വത്തിൽ നാഗർകോവിലിലെ ജില്ല കോടതിയിലേക്ക് പ്രകടനം നടന്നു.

കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ സർക്കാർ സ്ഥാപനങ്ങൾ പിക്കറ്റ് ചെയ്തു. കുഴിത്തുറയിലെ താലൂക്ക് ഓഫിസ് ആസ്ഥാനത്തേക്ക് താണുലിംഗം നാടാർ 5000 ആൾക്കാരുടെ പ്രകടനത്തിന് മാർത്താണ്ഡത്തുനിന്ന് നേതൃത്വം കൊടുത്തു. അവർ മജിസ്ട്രേറ്റ് കോടതിയും താലൂക്ക് ഓഫിസും പൊലീസ് സ്റ്റേഷനും സബ് ജയിലും പിക്കറ്റ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഈ പ്രകടനം താലൂക്ക് ആസ്ഥാനത്ത് എത്തിയപ്പോൾ അക്രമാസക്തമായി. പൊലീസ് ലാത്തിവീശി. മാർത്താണ്ഡം സബ് രജിസ്ട്രാർ ഓഫിസ് സമരക്കാർ പിക്കറ്റ് ചെയ്‌തു. രണ്ട് നിയമസഭാംഗങ്ങളുടെ നേതൃത്വത്തിൽ ഒരു പ്രകടനം കുഴിത്തുറ, മജിസ്ട്രേറ്റ് കോടതി പിക്കറ്റ് ചെയ്യാൻ നീങ്ങി. പൊലീസ് ലാത്തിവീശിയതോടെ അക്രമാസക്തമായ ജനക്കൂട്ടം ടെലഗ്രാഫ്, ടെലിഫോൺ സംവിധാനങ്ങൾ വിച്ഛേദിച്ചു. മരങ്ങൾ റോഡിനു കുറുകെ മുറിച്ചിട്ടു. മാർത്താണ്ഡത്തും അതിനോട് ചേർന്ന സ്ഥലങ്ങളിലുമായി 5 ഇടങ്ങളിലും പൊലീസ് വെടിവെപ്പ് ഉണ്ടായി. മാർത്താണ്ഡത്ത് പൊന്നയ്യൻ, തൊടുവട്ടിയിൽ ചന്തക്കുസമീപം രാമയ്യൻ, പപ്പു പണിക്കർ എന്നിവരും പുതുക്കടയിൽ പീർ മുഹമ്മദ്, നാടാൻകുട്ടി കുമാരൻ, ചെല്ലപ്പൻ പിള്ള, അമ്പുടയാൻ, അരുളപ്പൻ, അരുദേസം എന്നീ നാലുപേരും മരിച്ചു.

വെടിവെപ്പിൽ മരിച്ചവരുടെ എണ്ണത്തെ സംബന്ധിച്ച് നിരവധി അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ചിലരുടെ അഭിപ്രായമനുസരിച്ച് മാർത്താണ്ഡത്തും പുതുക്കടയിലുമായി 11 പേർ മരിച്ചു. മാർത്താണ്ഡത്ത് 5 പേരും പുതുക്കടയിൽ 6 പേരും മരിച്ചു എന്നും നിരവധി പേർക്ക് സാരമായി മുറിവേറ്റുവെന്നും പലരും പറഞ്ഞു. മുറിവേറ്റവരെയും മരിച്ചവരെയും ലോറികളിൽ കൊണ്ടുപോയി തിരുവനന്തപുരം കടൽത്തീരത്ത് കുഴിച്ചിട്ടതായി പ്രചാരണമുണ്ടായി.

തമിഴ് സ്വപ്നം യാഥാർഥ്യമാകുന്നു

തിരു-കൊച്ചി നിയമസഭ 1955 ജനുവരി 25ന് സമ്മേളിച്ചപ്പോൾ തമിഴ് പ്രശ്നത്തിന്റെ പേരിൽ കുഴപ്പങ്ങളുണ്ടായി. മാർത്താണ്ഡം വെടിവെപ്പായിരുന്നു പ്രധാന പ്രശ്നം. സഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടു. പട്ടം താണുപിള്ള സർക്കാർ നിലംപൊത്തി. കോൺഗ്രസ് നേതാവ് പനമ്പള്ളി ഗോവിന്ദ മേനോൻ തമിഴ് കക്ഷികളെയും നേതാക്കളെയും അനുനയിപ്പിച്ച് ഒപ്പം നിർത്തി മന്ത്രിസഭയുണ്ടാക്കി. പ്രദേശ് കോൺഗ്രസ് കമ്മിറ്റി പദവിക്ക് വേണ്ടിയുള്ള തമിഴ് പാർട്ടിയുടെ ആവശ്യം പരിഗണിക്കാമെന്ന് സമ്മതിച്ചു. 118 അംഗസഭയിൽ 60 അംഗങ്ങളിലൂടെ ഭൂരിപക്ഷത്തോടെ പനമ്പള്ളി മന്ത്രിസഭ അധികാരത്തിൽ വന്നു. എം.എൽ.എമാരുടെ ജാമ്യാപേക്ഷ മൈസൂർ ഹൈകോടതി ഫെബ്രുവരി 18ന് പരിഗണിച്ചു. അങ്ങനെ ടി.ടി.എൻ.സിയും ഭരണകൂടവും തമ്മിലുള്ള പോരാട്ടത്തിന് താൽക്കാലിക വിരാമമായി. ഇടവേളക്കുശേഷം പനമ്പിള്ളി മന്ത്രിസഭയുടെ കാലത്ത് പുനഃസംഘടന റിപ്പോർട്ട് സമർപ്പിച്ചു. തോവാള, അഗസ്‌തീശ്വരം, കൽക്കുളം, വിളവൻകോട് എന്നീ താലൂക്കുകൾ മദ്രാസ് സംസ്ഥാനത്തിന് ശിപാർശ ചെയ്‌തു.

നാല് താലൂക്കുകൾ മദ്രാസ് സംസ്ഥാനത്തിൽ ലയിച്ചതിനുശേഷം ടി.ടി.എൻ.സി നേതാക്കൾ 1957 ജനുവരി 26ന് അലൻ മെമ്മോറിയൽ ഹാളിൽ യോഗം ചേർന്നു. സംഘടന തമിഴ്‌നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ ലയിക്കുന്നതായി പ്രമേയം പാസാക്കി. കന്യാകുമാരി ജില്ല മലയാള ഭാഷാന്യൂനപക്ഷ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു. മേഖലയിലെ പഠനഭാഷ തമിഴായി വ്യവസ്ഥ ചെയ്യപ്പെട്ടു. തമിഴ് ഭാഷ ഭൂരിപക്ഷ മേഖലകൾ വിട്ടുപോയത് തിരു-കൊച്ചി സംസ്ഥാനത്തിന് വലിയ നഷ്ടമായിരുന്നു, വൈകാതെ രൂപവത്കരിക്കപ്പെട്ട ഐക്യകേരളത്തിനും. പക്ഷേ, ആ നഷ്ടത്തെക്കുറിച്ച് അധികം വേദനിക്കാൻ സമയമുണ്ടായിരുന്നില്ല. ഐക്യകേരള രൂപവത്കരണവും അവിടെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയതുമായ ചരിത്ര സംഭവങ്ങളിലായിരുന്നു ജനം. പുതിയ യുഗം ഐക്യകേരള രൂപവത്കരണത്തോടെ തുടങ്ങി.

Tags:    
News Summary - article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.