ആദിൽ മുഹമ്മദ്
പന്തീരാങ്കാവ്: സ്കൂട്ടറിൽ മകൾക്കൊപ്പം പോവുമ്പോൾ ബുള്ളറ്റിടിപ്പിച്ച് മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് മണിക്കൂറുകൾക്കകം പിടിയിൽ. കല്ലായി സ്വദേശി ആദിൽ മുഹമ്മദാണ് (30) ഡി.സി. പി. അരുൺ കെ. പവിത്രന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡിന്റെയും, ഫറോക് എ.സി.പി സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പന്തിരാങ്കാവ് പൊലീസിന്റെയും പിടിയിലായത്. പന്തീരാങ്കാവ് പാറക്കണ്ടി മീത്തലിൽവെച്ച് ശനിയാഴ്ച രാവിലെയാണ് സംഭവം.
പന്തീരങ്കാവ് സ്വദേശി പ്രസീദയും മകൾ ദിയയും സ്കൂട്ടറിൽ പോവുമ്പോൾ പ്രതി ഓടിച്ച ബുള്ളറ്റ് ഉപയോഗിച്ച് ഇവരെ ഇടിച്ച് മാല തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് വീണ പ്രസീദ മനോധൈര്യം കൊണ്ടാണ് പ്രതിയിൽ നിന്ന് രക്ഷപ്പെട്ടത്. വീഴ്ചയിൽ ഇരുവർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവം ഉടൻ തന്നെ പന്തീരാങ്കാവ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും സ്ഥലത്തെത്തി നൂറോളം സി.സി.ടി.വി ദൃശ്യങ്ങളും മറ്റു തെളിവുകളും ശേഖരിച്ചാണ് ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെ പ്രതിയിലേക്കെത്തിയത്.
ഗൾഫിലായിരുന്ന പ്രതി രണ്ടു വർഷമായി നാട്ടിലാണ്. സാമ്പത്തിക ബാധ്യത മറികടക്കാനാണ് പിടിച്ചുപറിയിലേക്ക് തിരിഞ്ഞത്. പന്തീരാങ്കാവ് ഇൻസ്പെക്ടർ എസ്. സതീഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ എ. നിധിൻ, എ.കെ. ഫിറോസ്, സീനിയർ പൊലീസ് ഓഫിസർ പി.പി. അരുൺ ഘോഷ്, സിറ്റി ക്രൈം സ്ക്വാഡിലെ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ,രാകേഷ് ചൈതന്യം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.