തീക്കൊള്ളികൊണ്ട് സഹോദരിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം: സഹോദരീഭർത്താവ് അറസ്റ്റില്‍

മാനന്തവാടി: വാക്കുതർക്കത്തിനിടെയുണ്ടായ മർദനത്തിൽ പരിക്കേറ്റ ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ സഹോദരീഭർത്താവ് അറസ്റ്റിൽ. തിരുനെല്ലി കാളംകോട് കോളനിയിലെ പരേതനായ മണിയന്‍റെയും മാരയുടെയും മകൻ ബിനു (32) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ മരിച്ചത്. അളിയൻ തിരുനെല്ലി പോത്തുമൂല എമ്മടി കോളനിയിലെ വിപിനെ (32) ആണ് തിരുനെല്ലി പൊലീസ് ഇൻസ്പെക്ടർ പി.എൽ. ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി കോളനിയിൽ എത്തിയ ബിനു സമീപവാസികളുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് തീക്കൊള്ളികൊണ്ട് സഹോദരിയെയും നവജാത ശിശുവിനെയും ആക്രമിക്കാൻ ശ്രമിച്ചതോടെ വിപിൻ വടികൊണ്ട് ബിനുവിന്‍റെ തലക്ക് അടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

കോളനിയിലെ നിരവധി പേരെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം വിപിനിലേക്കെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രാത്രി 11ഓടെയാണ് ബിനുവിന് കോളനിയിൽവെച്ച് മർദനമേറ്റത്. തുടർന്ന് അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമായതിനാലാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളും ബന്ധുക്കളുമായ മൂന്നുപേരെ തിരുനെല്ലി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രഹസ്യാന്വേഷണ വിഭാഗം ഡിവൈ.എസ്.പി ടി.പി. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്തെത്തി കോളനിവാസികളുടെ മൊഴിയെടുത്തത്. തിരുനെല്ലി ഇൻസ്പെക്ടർ പി.എൽ. ഷൈജുവിനാണ് അന്വേഷണ ചുമതല.


Tags:    
News Summary - Young man beaten to death: Brother-in-law arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.