സുജിത്ത്, ശ്രേയസ് ദാസ്
നിലമ്പൂർ: ആയിരം രൂപയെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് കുത്തേറ്റ യുവാവിന് ഗുരുതര പരിക്ക്. നിലമ്പൂർ വല്ലപ്പുഴ സ്വദേശി കൈപ്പഞ്ചേരി അനൂ ഫർസീനാണ് (21) കുത്തേറ്റത്. ആഴത്തിൽ മുറിവേറ്റ അനുവിനെ നിലമ്പൂർ ജില്ല ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. മുതുകാട് തെക്കുംപാടം സ്വദേശി കുന്നുപുറത്ത് സുജിത്ത് (23), കൂറ്റമ്പാറ ചെറായി സ്വദേശി പൂരങ്ങാട്ട് ശ്രേയസ് ദാസ് (21) എന്നിവരെ നിലമ്പൂർ ഇൻസ്പെക്ടർ ബി.എസ്. ബിനു അറസ്റ്റ് ചെയ്തു. സുജിത്ത് മുമ്പും അടിപിടി കേസിലുൾപ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചതിന് ശ്രേയസിനെതിരെ രണ്ടാഴ്ച മുമ്പ് നിലമ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.
നിലമ്പൂർ പാട്ടുത്സവ നഗരിയിൽ കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് സംഭവം. കുടുംബസമേതം പാട്ടുത്സവം കാണാൻ എത്തിയതായിരുന്നു അനൂ ഫർസീൻ. അനൂ ഫർസീന്‍റെ സുഹൃത്തിന് സുജിത്ത് നൽകാനുള്ള ആയിരം രൂപയെച്ചൊല്ലി ഇരുവരും തമ്മിൽ രണ്ട് ദിവസം മുമ്പ് തർക്കമുണ്ടായിരുന്നു. പാട്ടുത്സവം കാണാനെത്തിയ അനൂ ഫർസീനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ ശ്രേയസ് പിടിച്ചുവെക്കുകയും സുജിത്ത് കുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പ്രതികളെ പിടിച്ച് മാറ്റുകയായിരുന്നു. സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ജിയോ ജേക്കബ്, പി. സജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.