അറസ്റ്റിലായ അനീഷ് ദാസ്
അടൂർ (പത്തനംതിട്ട): സ്കൂൾ വിദ്യാർഥിനിയോട് നഗ്നതാപ്രദർശനം നടത്തിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. കൊല്ലം കിഴക്കേകല്ലട മതിലകം മരവൂർ ഹരി ഭവനത്തിൽ അനീഷ് ദാസിനെ (38) ആണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 18, ഫെബ്രുവരി രണ്ട് തീയതികളിലാണ് പെൺകുട്ടിയോട് നഗ്നതാപ്രദർശനം നടത്തിയത്.
ആദ്യ ദിവസം സ്കൂളിൽ നിന്നും ട്യൂഷൻ സ്ഥലത്തേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ സ്കൂട്ടറിൽ എത്തിയ അനീഷ് ദാസ് നഗ്നതാ പ്രദർശനം നടത്തി. അന്ന് പെൺകുട്ടി സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. തുടർന്ന് ഫെബ്രുവരി രണ്ടിന് പെൺകുട്ടി സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ സ്കൂട്ടറിൽ എത്തിയ യുവാവ് വീണ്ടും നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. കൂടാതെ പെൺകുട്ടിയുടെ കൈയ്യിൽ കയറി പിടിച്ച ശേഷം സ്കൂട്ടറിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പെൺകുട്ടി അനീഷിന്‍റെ കൈ തട്ടി മാറ്റിയ ശേഷം ബഹളം വെക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു.
പെൺകുട്ടിയുടെ ബഹളംകേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും യുവാവ് സ്കൂട്ടറിൽ കടന്നു കളഞ്ഞു. ഇയാളെ കുട്ടിക്ക് കണ്ടുപരിചയം പോലും ഇല്ലാത്തതിനാൽ വാഹനത്തിന്‍റെ നിറവും സംഭവം നടന്ന സമയവും മറ്റും വിവരിച്ച് പെൺകുട്ടി രക്ഷിതാക്കൾക്കൊപ്പം അടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അടൂർ പോലീസ് പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഒട്ടേറെ കാമറകൾ നിരീക്ഷിച്ച ശേഷമാണ് അനീഷ് ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്തുന്നത്.
ചൊവ്വാഴ്ച അനീഷ് ദാസിനെ കിഴക്കേ കല്ലടയിലെ വീട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ എസ്.എച്ച്.ഒ എസ്. ശ്രീകുമാർ, എസ്.ഐ. അനീഷ് എബ്രഹാം, സി.പി.ഒമാരായ രാഹുൽ ജയപ്രകാശ്, എസ്.ഒ. ശ്യാംകുമാർ, എസ്. ബൈജു, അർജുൻ സജികുമാർ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.