ഫ്ലാറ്റിൽ വളർത്തുന്ന കഞ്ചാവിന് തണുപ്പും വെളിച്ചവും കിട്ടാൻ ഫാനും ലൈറ്റും; യുവാവും യുവതിയും അറസ്റ്റിൽ, സാക്ഷിയാകാൻ പൊലീസ് വിളിച്ച അയൽവാസിയും കഞ്ചാവുമായി പിടിയിൽ

കാക്കനാട്: ഫ്ലാറ്റിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവും യുവതിയും അറസ്റ്റിൽ. പത്തനംതിട്ട കോന്നി വല്യതെക്കേത്ത് വീട്ടിൽ അലൻ (26), ആലപ്പുഴ കായംകുളം പെരുമ്പള്ളി പുത്തൻപുരക്കൽ വീട്ടിൽ അപർണ (24) എന്നിവരാണ് നാർകോട്ടിക് സെൽ പൊലീസ് അസിസ്റ്റൻറ് കമീഷണറുടെ കീഴിലുള്ള ഡാൻസാഫ് ടീമിന്റെ പിടിയിലായത്.

കാക്കനാടിന് സമീപം നിലംപതിഞ്ഞിമുകളിലെ ഫ്ലാറ്റിൽ നിന്നാണ് ഇവർ പിടിയിലായത്. മൂന്ന് നിലയുള്ള അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ ഒരു റൂമും അടുക്കളയും ഹാളുമാണ് ഉള്ളത്. ഇതിൽ അടുക്കളയിലാണ് കഞ്ചാവ് ചെടി നട്ടുവളർത്തിയത്. ഒന്നരമീറ്റർ ഉയരവും നാല് മാസം പ്രായവുമുള്ള ചെടിയാണ് പിടികൂടിയത്.

ഫ്ലാറ്റിൽ ലഹരി മരുന്നുകളുടെ ഉപയോഗം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് സംഘം എത്തിയത്. ചെടിക്ക് ആവശ്യമായ തണുപ്പും വെളിച്ചവും ലഭിക്കുന്നതിന് എൽ.ഇ.ഡി ലൈറ്റുകളും എക്സോസ്റ്റ് ഫാനുകളും ഘടിപ്പിച്ച നിലയിലായിരുന്നു. ഇന്റർനെറ്റിൽനിന്നും കഞ്ചാവ് പരിപാലിക്കുന്നത് എങ്ങനെയെന്ന് പഠിച്ചായിരുന്നു വളർത്തിയിരുന്നതെന്ന് പൊലീസുകാർ പറഞ്ഞു.

പരിശോധനക്കിടെ താഴെയുള്ള ഫ്ലാറ്റിൽ നിന്ന് മറ്റൊരു യുവാവിനെ കൂടി കഞ്ചാവ് കൈവശം വെച്ചതിന് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശി കണ്ടത്തിൽ വീട്ടിൽ അമലാണ് (28) അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് സാക്ഷിയാക്കുന്നതിനാണ് ഇയാളെ വിളിച്ചു വരുത്തിയത്. പരിശോധനയിൽ വസ്ത്രത്തിൽനിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇൻഫോപാർക്ക് പൊലീസ് ഇൻസ്പെക്ടർ വിപിൻദാസ്, എസ്.ഐ ജെയിംസ് ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Tags:    
News Summary - young man and a woman were arrested for growing cannabis plants in their flat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.