കൊല്ലപ്പെട്ട ദയ
അഹ്മദാബാദ്: ദൃശ്യം സിനിമയുടെ മോഡലിൽ നടന്ന കൊലപാതകക്കേസിന് തുമ്പുണ്ടാക്കിയിരിക്കുകയാണ് ഗുജറാത്ത് പൊലീസ്. 13മാസം മുമ്പ് കാണാതായ സ്ത്രീയെ കണ്ടെത്താനുള്ള അന്വേഷണമാണ് ദൃശ്യം മോഡൽ കൊലപാതകത്തിന്റെ ചുരുൾ നിവർത്തിയത്. മാസങ്ങളോളം അന്വേഷണ സംഘത്തെ കബളിപ്പിച്ചു നടന്ന ഹാർദിക് സുഖാദിയ(28)യെ നിരന്തരം നിരീക്ഷിച്ചാണ് പൊലീസ് വലയിലാക്കിയത്.
പ്രതിയുമായുള്ള തെളിവെടുപ്പിനിടെ ഗുജറാത്തിലെ ഉൾപ്രദേശത്തുള്ള കിണറ്റിൽ നിന്ന് സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി. കാണാതായ സ്ത്രീയുടെ അസ്ഥികൂടമാണ് ഇതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ജുനാഗഢ് ജില്ലയിൽ താമസിക്കുന്ന ദയ സാവലിയ(35) യാണ് മരിച്ചത്. 2024 ജനുവരി രണ്ടുമുതൽ ഇവരെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. ഭർത്താവ് വല്ലഭ് ആണ് വിസവദാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ദമ്പതികൾക്ക് 11 വയസുള്ള മകനുണ്ട്.
അന്ന് രാവിലെ ഒമ്പതിനാണ് ദയ വീട്ടിൽ നിന്ന് ഇറങ്ങിയത്. കൈയിൽ സ്വർണവും 9.60 ലക്ഷം രൂപയുടെ പണമടങ്ങിയ ബാഗുമുണ്ടായിരുന്നു. മകനെ കൂട്ടാതെയായിരുന്നു ദയ വീട്ടിൽ നിന്നിറങ്ങിയത്. പരാതി ലഭിച്ചതിന് പിന്നാലെ ദയയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
അന്വേഷണത്തിനിടെ ദയക്ക് ഹർദിക് സുഖാദിയ എന്ന വ്യക്തിയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നു പൊലീസ് കണ്ടെത്തി. ഇവരുടെ ഗ്രാമത്തിൽ തന്നെയാണ് ഹാർദികും താമസിച്ചിരുന്നത്. ഇയാൾ തന്നെയാണ് ദയയുടെ കാണാതാകലിന് പിന്നിലെന്ന് അന്വേഷണസംഘം ഉറപ്പിച്ചു. എന്നാൽ മറ്റൊരു കഥ മെനഞ്ഞ് ഹാർദിക് അവരെ വഴിതെറ്റിച്ചു. ദയക്ക് രാഹുൽ എന്ന് പേരുള്ള മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അയാളോടൊപ്പം ഒളിച്ചോടിയതാണെന്നും അന്വേഷണ സംഘത്തെ വിശ്വസിപ്പിച്ചു. താൻ നിരപരാധിയാണെന്ന് ആവർത്തിച്ച ഹാർദിക് പൊലീസ് നിരീക്ഷണത്തിൽ പെടാതിരിക്കാൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും നിർത്തി.
ഇടക്ക് പൊലീസ് ഇയാളെ ശബ്ദവിശകലന പരിശോധനക്കും വിധേയനാക്കി. അതിന്റെ ഫലം പോസിറ്റീവായിരുന്നു. എന്നാൽ കൃത്യമായി തെളിവിന്റെ അഭാവവും സാക്ഷികളില്ലാത്തതും ഹാർദിക്കിന് രക്ഷപ്പെടാൻ വഴിയൊരുക്കി. അതിനിടെ ദയയെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
സാങ്കേതിക-സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് ഹാർദിക്കിനെ വീണ്ടും ചോദ്യം ചെയ്തു. ഒടുവിൽ പിടിച്ചുനിൽക്കാനാവാതെ ഹാർദിക് കുറ്റം സമ്മതിക്കുകയായിരുന്നു.
ഫെബ്രുവരി 27ന് പൊലീസ് ഹാർദിക്കിനെയുമായി കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി തെളിവെടുത്തു. അപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം പോസ്റ്റ്മോർട്ടത്തിനയച്ചു.
ദയയുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ ഹാർദിക്കിന് താൽപര്യമുണ്ടായിരുന്നില്ല. ഹാർദിക്കിന്റെ കൂടെ താമസിക്കണമെന്ന് ദയ നിർബന്ധം പിടിച്ചതോടെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു. 2024 ജനുവരി മൂന്നിന് ഹാർദിക് ദയയെ അംറേലി ജില്ലയിലെ ഉൾഭാഗത്തേക്ക് കൊണ്ടുപോയി കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെളിവു നശിപ്പിക്കുന്നതിനായി മൃതദേഹം സമീപത്തെ കിണറ്റിലേക്ക് വലിച്ചെറിയുകയും ചെയ്തു.
കൊലപാതകത്തിന് തൊട്ടുമുമ്പ് ഹാർദിക് ദയക്ക് തന്റെ മുൻഭാര്യയുടെ ഐ.ടി കാർഡ് ഉപയോഗിച്ച് താമസ സൗകര്യവും നൽകിയിരുന്നു. പ്രത്യേക ആപ്പുപയോഗിച്ച് ദയയാണെന്ന രീതിയിൽ ദയയുടെ ഭർത്താവിനെ വിളിക്കുകയും ചെയ്തു. കുടുംബ കലഹം മൂലമാണ് ദയ വീട് വിട്ടതെന്ന് വരുത്തിത്തീർക്കുകയായിരുന്നു ഹാർദിക്കിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.