പൊലീസ് മൃതദേഹം നീക്കം ചെയ്യുന്നു, ഇൻസൈറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഉമപ്രസന്ന

ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: യുവാവ് കസ്റ്റഡിയില്‍

ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍. ഫാത്തിമ മാതാ നാഷണല്‍ കോളജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലാണ് 32കാരിയുടെ ആറു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കേരളാപുരം സ്വദേശി ഉമാ പ്രസന്ന​യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 
ഇവർക്കൊപ്പം കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായിരുന്നതായി അഞ്ചല്‍ സ്വദേശിയായ യുവാവ് പൊലീസിനോട് സമ്മതിച്ചിരിക്കയാണ്. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ഫോണ്‍ ഇയാളിൽ നിന്നും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് യുവതിയെ കാണാതായത്. പിന്നാലെ മാതാവ് പൊലീസില്‍ പരാതി നല്‍കി. ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ നടത്തിയ തെരച്ചിലിലാണ് ദിവസങ്ങള്‍ പഴക്കമുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ് പൂര്‍ണ നഗ്നമായ നിലയിലായിരുന്നു മൃതദേഹം.

പുതുവത്സര രാത്രിയില്‍ കൊട്ടിയം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ സംശയകരമായി കണ്ട യുവാവിന്റെ പക്കല്‍ നിന്ന് യുവതിയുടെ ഫോണ്‍ കണ്ടെത്തിയിരുന്നു. ഫോണ്‍ കളഞ്ഞുകിട്ടിയതാണെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഫോണ്‍ വാങ്ങിവെച്ച ശേഷം ഇയാളെ വിട്ടയച്ചു. ഫോണിലുണ്ടായിരുന്ന അമ്മയുടെ നമ്പറില്‍ പൊലീസ് ബന്ധപ്പെട്ടു. യുവതിയെ കാണാനില്ലെന്നും കുണ്ടറ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മാതാവ് അറിയിച്ചതനുസരിച്ച് ഫോണ്‍ കുണ്ടറ പൊലീസിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വില്‍ക്കുന്നതായിരുന്നു യുവതിയുടെ ജോലി. മൂന്നുമാസം മുമ്പ് വരെ ലോട്ടറി വില്‍പ്പനയായിരുന്നു. എല്ലാ ദിവസവും രാത്രി ഏഴിന് വീട്ടിലെത്തുമായിരുന്നുവെന്ന് അമ്മ പറയുന്നു. ഡിസംബർ 29ന് രാത്രി 9.30 ആയിട്ടും വീട്ടില്‍ എത്തിയില്ല. ഫോണില്‍ വിളിച്ചപ്പോള്‍ മറ്റാരുടെയോ അവ്യക്തമായ സംസാരമാണ് കേട്ടതെന്നും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായെന്നും യുവതിയുടെ അമ്മ പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Tags:    
News Summary - Woman's body rotting in railway building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.