വാഹന പരിശോധനക്കിടെ റാഞ്ചിയിൽ വനിതാ എസ്.ഐ കൊല്ലപ്പെട്ടു

റാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചിയിൽ വാഹനപരിശോധനക്കിടെ വനിതാ എസ്.ഐ കൊല്ലപ്പെട്ടു. തുപുദാന ഔട്ട്‌പോസ്റ്റിന്റെ ചുമതലയുള്ള സന്ധ്യ തോപ്നോയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വാഹനപരിശോധനക്കിടെ വണ്ടിനിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ അനുസരിക്കാതെ വാഹനം മുന്നോട്ടെടുക്കുകയും സന്ധ്യയെ ഇടിക്കുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.

'ഒരു വാഹനത്തിൽ കന്നുകാലികളെ കടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സന്ധ്യ വാഹനം നിർത്താൻ ശ്രമിച്ചു, എന്നാൽ വാഹനം അവരെ ഇടിച്ചുതെറിപ്പിച്ചു. ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.'- സീനിയർ പോലീസ് സൂപ്രണ്ട് കൗശൽ കിഷോർ പറഞ്ഞു. പ്രതിയെ അറസ്റ്റുചെയ്തതായും വാഹനം പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസം ഹരിയാനയിലെ നൂഹിൽ അനഃധികൃത ഖനനം തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഡി.എസ്.പി സുരേന്ദ്ര സിങ് ബിഷ്ണോയിയെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തിയിരുന്നു. ആരവല്ലി പർവതനിരക്ക് സമീപമുള്ള പച്ചഗാവിൽ അനഃധികൃത ഖനനം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘവുമായി ബിഷണോയി സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് കല്ലുകൾ നിറച്ച ട്രക്ക് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ട്രക്ക് ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയും ബിഷണോയിയെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. 

Tags:    
News Summary - woman sub-inspector was crushed to death in Jharkhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.