എം.ഡി.എം.എ, കഞ്ചാവ് വില്‍പ്പന; എട്ടു യുവാക്കളെ പിടികൂടി

കോഴിക്കോട്: നഗരത്തില്‍ എം.ഡി.എം.എയും കഞ്ചാവും എത്തിച്ച് ചില്ലറവില്‍പ്പന നടത്തുന്ന എട്ടു യുവാക്കളെ പൊലീസ് പിടികൂടി. കോഴിക്കോട് കക്കോടി കിഴക്കുമുറി സ്വദേശി ലൂദ്ഫാന്‍ അലി (22), മലപ്പുറം അരീക്കോട് കീഴ്പറമ്പ് സ്വദേശി ജിഫ്രി അല്‍ഹാസ് (22), കിരാലൂര്‍ കിഴക്കുമുറി സ്വദേശി മുഹമ്മദ് റഷ്ദാന്‍ (22), സൗത്ത് ബീച്ച് പരപ്പില്‍ സ്വദേശികളായ മുഹമ്മദ് (30), ദിയ മുഹമ്മദ് ബഹ്ബഹാനി (22), മുഹമ്മദ് നാസ് (24), കല്ലായി ഫ്രാന്‍സിസ് റോഡ് സ്വദേശി മുഹമ്മദ് ഷഹാദുല്‍ അഫം (25), നടക്കാവ് സ്വദേശി മുഹമ്മദ് അന്‍ഷാദ് (26) എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്.

പന്തീരാങ്കാവ് പൊലീസ് സംഘത്തിന്റെ നൈറ്റ് പട്രോളിങ്ങിനിടെയാണ് ഇവരെ പിടികൂടിയത്. പാലാഴി ഹൈലൈറ്റ് മാളിന് സമീപം പാല്‍കമ്പനി ഹൈസ്‌കൂള്‍ റോഡില്‍ സഹദേവന്‍ എന്നയാള്‍ വാടകയ്ക്ക് നല്‍കിയ വീട്ടിലായിരുന്നു ഇവര്‍. പരിശോധന നടത്തിയപ്പോള്‍ ഹാളിലെ കട്ടിലില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 93.300 ഗ്രാം ഹാഷിഷ് ഓയിലും 6.940 ഗ്രാം മെത്താംഫിറ്റമിനും, മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിനായുള്ള ഒമ്പത് സിപ്പ് ലോക്ക് കവറുകളും 124 ചെറിയ ബോട്ടിലുകളും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള മൂന്ന് ബര്‍ണര്‍ പൈപ്പുകളും പത്തോളം മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.

മയക്കുമരുന്ന് വില്‍പ്പന നടത്തി ലഭിച്ച 88,000 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം ഇവര്‍ ആഡംബര ജീവിതത്തിനും മയക്കുമരുന്ന് ഉപയോഗത്തിനുമാണ് ചെലവഴിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. മുഹമ്മദ് ഷഹാദുല്‍ അഫമിന് നടക്കാവ് പൊലീസ് സ്റ്റേഷനിൽ കാരപറമ്പ് സ്വദേശിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും, വെള്ളയില്‍ സ്റ്റേഷനില്‍ ബീച്ച് ആശുപത്രിക്ക് മുന്‍വശത്തെ സെന്റ് മേരീസ് ലാബിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തീവെച്ചുനശിപ്പിച്ചതിനും കേസുകളുണ്ട്.

മുഹമ്മദിന് ടൗണ്‍, മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും എം.ഡി.എം.എ വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ചതിനും കേസുകള്‍ നിലവിലുണ്ട്. ദിയ മുഹമ്മദ് ബഹ്ബഹാനിയുടെ പേരില്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എട്ടുപേരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Eight youths arrested for selling MDMA and cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.