സല്ലാപുരിയും വെങ്കട സ്വാമിയും
ബംഗളൂരു: വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായവർക്ക് സർക്കാർ നൽകുന്ന 15 ലക്ഷം രൂപ നഷ്ടപരിഹാരം തട്ടിയെടുക്കാൻ ഹുൻസൂർ താലൂക്കിലെ ചിക്കഹെജ്ജുരു ഗ്രാമത്തിലെ സ്ത്രീ തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയതായി പരാതി. സംഭവത്തിൽ സല്ലാപുരിയെ (40) പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
വീടിനടുത്തുള്ള ചാണകക്കുഴിയിൽ കുഴിച്ചിട്ട നിലയിൽ ഭർത്താവ് വെങ്കടസ്വാമിയൂടെ (45) മൃതദേഹം കണ്ടെടുത്തു. ഭർത്താവിനെ കടുവ വലിച്ചിഴച്ചുകൊണ്ടുപോയി എന്ന കഥ യുവതി കെട്ടിച്ചമച്ചിരുന്നു. മൈസൂരു-കുടക് ജില്ല അതിർത്തിയിലെ വീരനഹോസഹള്ളിക്കടുത്തുള്ള ചിക്കഹെജ്ജുരുവിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗ്രാമത്തെയും അധികൃതരെയും നടുക്കിയ സംഭവം.
ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. കുട്ടികൾ വിദ്യാഭ്യാസത്തിനായി ബിഡദിയിൽ ബന്ധുക്കളോടൊപ്പം താമസിച്ചുവരികയാണ്. ബിഡദി സ്വദേശിയായ വെങ്കടസ്വാമിയും മലവള്ളി താലൂക്കിലെ ഹലഗുരു ഹോബ്ലിയിലെ കടംപുരയിൽനിന്നുള്ള സല്ലാപുരിയും ചിക്കഹെജ്ജുരുവിൽ രണ്ട് എൻജിനീയർമാരുടെ ഉടമസ്ഥതയിലുള്ള 4.10 ഏക്കർ കവുങ്ങ് തോട്ടം പരിപാലിക്കുന്ന ചുമതലയിലുള്ളവരാണ്.
പൊലീസ് അന്വേഷണത്തിൽ സല്ലാപുരിക്ക് ആഡംബര ജീവിതം നയിക്കാനും വഴിവിട്ട് പണം സമ്പാദിക്കാനുമുള്ള ആഗ്രഹമുണ്ടായിരുന്നെന്ന് കണ്ടെത്തി. തന്റെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനായി, സല്ലാപുരി പതിവായി താലൂക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഓഫിസുകൾ സന്ദർശിക്കുകയും വില്ലേജ് അക്കൗണ്ടന്റുമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും നഷ്ടപരിഹാരമോ സാമ്പത്തിക സഹായമോ വാഗ്ദാനം ചെയ്യുന്ന വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ -പ്രത്യേകിച്ച്, കടുവകളോ ആനകളോ പോലുള്ളവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങൾക്ക് സർക്കാർ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നുണ്ടെന്ന് അവർ മനസ്സിലാക്കിയാണ് കൊലപാതക പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച, സല്ലാപുരി വെങ്കടസ്വാമിയുടെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയശേഷം മൃതദേഹംഅഞ്ചടി ആഴമുള്ള ഒരു ചാണകക്കുഴിയിൽ കുഴിച്ചിടുകയായിരുന്നു.
തുടർന്ന്, സല്ലാപുരി ഹുൻസൂർ റൂറൽ പൊലീസ് സ്റ്റേഷനിലെത്തി ആളെ കാണാനില്ലെന്ന് പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസിന് കടുവയുടെ അടയാളങ്ങളോ ആക്രമണത്തിന്റെ മറ്റ് തെളിവുകളോ ലഭിച്ചില്ല. സല്ലാപുരിയുടെ പരസ്പരവിരുദ്ധമായ പ്രസ്താവനകകളിൽ സംശയംതോന്നി ഇൻസ്പെക്ടർ മുനിയപ്പ നടത്തിയ പരിശോധനയിലാണ് ചാണകക്കുഴിയിലേക്ക് വലിച്ചിഴച്ച പാടുകൾ കാണുന്നതും തുടർന്ന് കുഴിയിൽനിന്ന് മൃതദേഹം കണ്ടെുത്തുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.