കട്ടപ്പന: വീട്ടുമുറ്റത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഇടുക്കി വണ്ടന്മേട് മാലി പുതുവലിൽ പമ്പയ്യ തേവരുടെ മകൻ രഞ്ജിത്തിനെ (38) ഈ മാസം ആറിന് വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ട സംഭവമാണ് കൊലപാതകമാണെന്ന് 14 ദിവസത്തിനുശേഷം തെളിഞ്ഞത്. സംഭവത്തിൽ രഞ്ജിത്തിന്റെ ഭാര്യ അന്നെ ലക്ഷ്മി (28) അറസ്റ്റിലായി.
അന്നെ ലക്ഷ്മിയുടെ ജന്മദിനത്തിലായിരുന്നു ക്രൂര കൊലപാതകം അരങ്ങേറിയതെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച് സ്ഥിരമായി വീട്ടിലെത്തി ഭാര്യയെ ഉപദ്രവിക്കുന്ന ശീലമായിരുന്നു രഞ്ജിത്തിന്റേത്. സംഭവദിവസം അന്നെ ലക്ഷ്മിയുടെ ജന്മദിനമായിരുന്നു. അന്നുരാത്രി 10ഓടെ മദ്യപിച്ച് വീട്ടിലെത്തിയ രഞ്ജിത് ഭാര്യയെ ഉപദ്രവിച്ചു. സഹികെട്ട അന്നെ ലക്ഷ്മി വീട്ടിലുണ്ടായിരുന്ന വലിയ കാപ്പി വടികൊണ്ട് രഞ്ജിത്തിനെ തലക്കടിച്ചുവീഴ്ത്തി.
തുടർന്ന് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. വീടിരിക്കുന്ന സ്ഥലത്തേക്കിറങ്ങാൻ ഉയരത്തിൽനിന്ന് താഴേക്ക് നടകൾ നിർമിച്ചിരുന്നു. ഈ നടയിൽനിന്ന് വീണ് മരിച്ചെന്നായിരുന്നു ഭാര്യയുടെ മൊഴി. എന്നാൽ, പരിസരവാസികളെയും രഞ്ജിത്തിന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഉൾപ്പെടെ നിരവധിപേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
ഇവരുടെ മൊഴിയും ഭാര്യയുടെ മൊഴിയും തമ്മിലുള്ള വ്യത്യാസം പൊലീസ് ശ്രദ്ധിച്ചു. തുടർന്ന് രഞ്ജിത്തിന്റെ ഭാര്യ അന്നെ ലക്ഷ്മിയെ വിശദമായ ചോദ്യംചെയ്യലിന് വിധേയമാക്കി. ഒടുവിൽ ഭർത്താവിനെ താൻ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് സമ്മതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.