ന്യൂയോർക്കിൽ കത്തിക്കുത്ത്; യുവതി കൊല്ലപ്പെട്ടു, അക്രമിയായ സ്ത്രീയെ വെടിവെച്ചുകൊന്ന് പോലീസ്
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ സ്ത്രീ നടത്തിയ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അക്രമം നടത്തിയ നാല്പത്തൊമ്പതുകാരിയായ പമേല സിസ്‌നെറോസ് എന്ന സ്ത്രീയെ തുടർന്ന് പോലീസ് വെടിവെച്ചുകൊന്നു. ആക്രമണത്തിന് ഇരയായ മുപ്പത്തിരണ്ടുകാരിയായ യുവതിയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കുത്തേറ്റ അറുപത്തിയെട്ടുകാരനായ വയോധികൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 4:30-ഓടെ വൺ ടൈംസ് സ്‌ക്വയറിന് സമീപമുള്ള എൻവൈപിഡി സബ്‌സ്റ്റേഷന് തൊട്ടുമുന്നിലാണ് സംഭവം അരങ്ങേറിയത്. ഷോപ്പിംഗ് ബാഗിൽ നിന്ന് രണ്ട് വലിയ അടുക്കളക്കത്തികൾ പുറത്തെടുത്ത അക്രമി, സബ്‌വേ സ്റ്റേഷനിൽ നിന്ന് ഭാര്യയോടൊപ്പം റോഡ് മുറിച്ചുകടക്കാൻ നിന്ന വയോധികനെയും നിമിഷങ്ങൾക്കുള്ളിൽ സമീപത്തുണ്ടായിരുന്ന യുവതിയെയും യാതൊരു പ്രകോപനവുമില്ലാതെ വയറ്റിൽ കുത്തുകയായിരുന്നു.
തുടർന്ന് അക്രമിയെ വളഞ്ഞ പത്തോളം പോലീസ് ഉദ്യോഗസ്ഥർ കത്തി താഴെയിടാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല. പോലീസിനെ കൊലപ്പെടുത്തുമെന്ന് ആക്രോശിച്ചുകൊണ്ട് കത്തികളുമായി ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്തതോടെയാണ് പോലീസ് വെടിയുതിർത്തത്. അക്രമത്തിന് പിന്നിൽ തീവ്രവാദ ബന്ധങ്ങളില്ലെന്നും മാനസികാസ്വാസ്ഥ്യമാണ് കാരണമെന്നും എൻവൈപിഡി കമ്മീഷണർ ജെസീക്ക ടിഷ് വ്യക്തമാക്കി. പോലീസിന്റെ സമയോചിതമായ ഇടപെടൽ കൂടുതൽ ആളുകളുടെ ജീവൻ രക്ഷിച്ചതായി മേയർ സെഹ്‌റാൻ മംദാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.