ബംഗളൂരു: അമ്മയും മൂന്ന് മക്കളുമുൾപ്പെടെ ഒരു വീട്ടിലെ അഞ്ചുപേരെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കർണ്ണാടക കൃഷ്ണരാജസാഗറിൽ ഞായറാഴ്ചയായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും മോഷണശ്രമമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.
ലക്ഷ്മി (30), മക്കളായ രാജു (10), കോമൾ (7), കുനാൽ (4), അനന്തരവനായ ഗോവിന്ദ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. ലക്ഷ്മിയുടെ ഭർത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. രാവിലെ വീടിന്‍റെ കതകിൽ പലവട്ടം തട്ടിയിട്ടും മറുപടി ലഭിക്കാത്തതിൽ സംശയം തോന്നിയതോടെ അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
കൊല്ലപ്പെട്ടവർക്ക് പലതവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. വീട്ടിൽ നിന്നും വിവിധ സാധനങ്ങൾ മോഷണം പോയിട്ടുണ്ടെന്നും കൊലപാതകത്തിന് പിന്നിൽ മോഷണമാണോ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.
അയൽവാസികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇത്തരമൊരു ക്രൂരകൃത്യം നടന്നിട്ടും സമീപവാസികൾ സംഭവം അറിയാത്തതിൽ ആശയക്കുഴപ്പമുണ്ടെന്നും പൊലീസ് പറഞ്ഞു. കുട്ടികൾ പോലും ക്രൂരമായി കൊലചെയ്യപ്പെട്ടതിന് പിന്നിൽ മോഷണല്ലാതെ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടാകാമെന്നും, സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.