ബംഗളൂരു വ്യവസായിയെ തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്തി മൃതദേഹം തമിഴ്നാട്ടിൽ ഉപേക്ഷിച്ചു; ബിസിനസ് പങ്കാളിക്കായി തിരച്ചിൽ
ബംഗളൂരു: ബംഗളൂരുവിലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അനേക്കലിൽ വസ്‌തു ഇടപാട് നടത്തുന്ന ഗോപാലാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ തമിഴ്‌നാട്ടിലെ ഡെങ്കണിക്കോട്ടയ്ക്ക് സമീപം റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഗോപാലിന്റെ മുൻ ബിസിനസ് പങ്കാളിയായ മോഹൻ ബാബുവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച വൈകുന്നേരം 6:30-ഓടെയാണ് കർണാടക-തമിഴ്‌നാട് അതിർത്തിയായ കർപ്പൂരിന് സമീപം സംഭവം നടന്നത്. സുഹൃത്തായ സതീഷിനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു ഗോപാൽ. വഴിമധ്യേ മറ്റൊരു കാറിലെത്തിയ സംഘം ഗോപാലിന്റെ വാഹനത്തിൽ ഇടിച്ച് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് അക്രമികൾ സതീഷിന്റെ കണ്ണിലേക്ക് രാസലായനി സ്പ്രേ ചെയ്തു. പ്രാണരക്ഷാർത്ഥം സതീഷ് ഓടിമാറിയതോടെ, ഗോപാലിനെ ബലമായി തങ്ങളുടെ വാഹനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സതീഷ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏഴോളം പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ഗോപാലിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രതികൾ തമിഴ്‌നാട് ഭാഗത്തേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ആ ഭാഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഡെങ്കണിക്കോട്ട പൊലീസ് നൽകിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ഗോപാലാണെന്ന് സ്ഥിരീകരിച്ചത്. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്.
കൊലപാതകത്തിന് പിന്നിൽ ഗോപാലിന്റെ മുൻ ബിസിനസ് പങ്കാളി മോഹൻ ബാബുവാണെന്ന് പൊലീസ് സംശയിക്കുന്നു. മുമ്പ് ഒന്നിച്ച് പ്രവർത്തിച്ചിരുന്ന ഇവർ സാമ്പത്തിക തർക്കങ്ങളെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞിരുന്നു. ഗോപാൽ സ്വന്തമായി റിയൽ എസ്റ്റേറ്റ് ബിസിനസ് ആരംഭിക്കുകയും അതിൽ വലിയ സാമ്പത്തിക വിജയം നേടുകയും ചെയ്തതിൽ മോഹൻ ബാബുവിന് കടുത്ത വിരോധമുണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. രണ്ട് വർഷം മുമ്പ് മോഹൻ ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ കൊണ്ടുപോയി ഗോപാലിനെ മർദിച്ചിരുന്നതായി ഗോപാലിന്റെ ഭാര്യ സ്വാതി ആരോപിച്ചു. തങ്ങളുടെ ബന്ധു കൂടിയായ മോഹൻ ബാബുവിന് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് കുടുംബവും ആരോപിക്കുന്നത്. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.