തിരുപ്പൂർ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ 10 വയസുകാരിയായ മകളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. തിരുപ്പൂർ ജില്ലയിലെ ധർമപുരത്തിനടുത്തുള്ള അലങ്കിയം കാമരാജർ സ്വദേശിയായ പൂങ്കൊടി (28), മകൾ വർഷ (10) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട് പബ്ലിക് സർവീസ് കമീഷൻ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാത്തതിൽ മനംനൊന്താണ് യുവതി മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
ആറു വർഷങ്ങൾക്ക് മുൻപ് പൂങ്കൊടിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഭർത്താവിന്‍റെ മരണശേഷം മകൾക്കും അമ്മക്കുമൊപ്പം താമസിച്ചിരുന്ന യുവതി, ധാരാപുരയിലെ സ്വകാര്യ വസ്ത്ര നിർമാണശാലയിൽ ജോലിക്കാരിയായിരുന്നു.
ടി.എൻ.പി.എസ്.സി പരീക്ഷയുടെ ഗ്രൂപ്പ് നാല് പരീക്ഷക്ക് തയാറെടുക്കുന്നതിനായി ജോലി ഉപേക്ഷിച്ചു. എന്നാൽ, ജൂലൈ 24ന് പരീക്ഷ കഴിഞ്ഞതോടെ പൂങ്കൊടി നിരാശയിലായി. പരീക്ഷയുടെ ചോദ്യങ്ങൾ കടുപ്പമേറിയിരുന്നതാണെന്ന് പരാതി പറഞ്ഞതായും ജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള വരുമാനം എങ്ങനെ കണ്ടെത്തുമെന്ന ആകുലതയിലായിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു.
തിങ്കളാഴ്ച വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ഉറങ്ങിക്കിടന്ന മകളെ കെട്ടിതൂക്കി കൊലപ്പെടുത്തുകയും യുവതി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.