ലഖ്നോ: സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് മരിച്ചതായി പരാതി നൽകി, ഭർതൃപിതാവിനെയും സഹോദരങ്ങളെയും പ്രതികളാക്കാൻ പദ്ധതിയിട്ട സംഭവത്തിൽ യുവതി പിടിയിൽ. ഉത്തർപ്രദേശിലെ ഗോണ്ടയിലാണ് സംഭവം.
പദ്ധതിക്ക് കൂട്ടുനിന്ന യുവതിയുടെ ഭർത്താവിനെയും അറസ്റ്റ് ചെയ്തു. ആറുമാസം മുമ്പാണ് ഭർത്താവിനെ കാണാനില്ലെന്ന് സൂചിപ്പിച്ച് ഗുഡിയ പൊലീസിൽ പരാതി നൽകിയത്. ഭർതൃപിതാവ് നാങ്കെയും ഭർത്താവിന്റെ സഹോദങ്ങളായ അർജുൻ, ശ്യാം, അഗിറാം എന്നിവർ ചേർന്ന് ഭർത്താവ് രാംകരണിനെ കൊലപ്പെടുത്തിയെന്നും യുവതി പരാതിയിൽ ആരോപിച്ചു. ഇവർ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സംസ്കരിച്ചുവെന്നായിരുന്നു ആരോപണം.
തുടർന്ന് ജൂൺഅഞ്ചിന് നാലുപേർക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. നാലുപേരെയും അറസ്റ്റ് ചെയ്ത പൊലീസ് സംഭവത്തിൽ വിശദമായി അന്വേഷണവും തുടങ്ങി. അന്വേഷണത്തിൽ രാംകരൺ ഗുജറാത്തിൽ ജീവനോടെയുണ്ടെന്ന് പൊലീസ് കണ്ടെത്തി.
ബന്ധുക്കളെ മുഴുവൻ ജയിലിലാക്കി അവരുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ രാംകരണും ഭാര്യയും പ്ലാൻ ചെയ്ത സംഭവമാണ് അന്വേഷണത്തിൽ ചുരുളഴിഞ്ഞത്. ഗുജറാത്തിൽ നിന്ന് രാംകരണിനെ പൊലീസ് യു.പിയിലെത്തിച്ചു. ചോദ്യം ചെയ്യലിനൊടുവിൽ രാംകരണും സഹോദരങ്ങളുമായി സ്വത്ത് തർക്കത്തിലായിരുന്നുവെന്ന് പൊലീസിന് വ്യക്തമായി. എല്ലാരെയും ജയിലിലേക്കയച്ച് സ്വത്ത് മുഴുവൻ തട്ടിയെടുക്കാനായിരുന്നു ദമ്പതികളുടെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.