യുവതിയെ കൊന്ന് 200 കഷണങ്ങളാക്കി; അടുക്കളയിൽ ഒരാഴ്ച സൂക്ഷിച്ച ശരീരാവയവങ്ങൾ നദിയിൽ ഉപേക്ഷിച്ചു; ഒരു വർഷത്തിനുശേഷം ഭർത്താവ് പിടിയിൽ

ലണ്ടൻ: ബ്രിട്ടനിൽ 26കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒരു വർഷത്തിനുശേഷം ഭർത്താവ് പിടിയിൽ. 2023 മാർച്ചിലാണ് നിക്കോളാസ് നെറ്റ്‌സൺ എന്ന 28കാരൻ ഭാര്യ ഹോളി ബ്രാംലിയെ കൊലപ്പെടുത്തിയത്. യുവതിയെ കുത്തിക്കൊന്ന ശേഷം 200ലേറെ കഷണങ്ങളാക്കി വീടിന്റെ അടുക്കളയിൽ ഒരാഴ്ചയോളം സൂക്ഷിക്കുകയും പിന്നീട് സുഹൃത്തിന്റെ സഹായത്തോടെ ശരീരാവയവങ്ങൾ നദിയിൽ ഉപേക്ഷിക്കുകയുമായിരുന്നു.

ഒരു വർഷത്തോളം പൊലീസിന്റെ ചോദ്യംചെയ്യലിൽ പിടിനൽകാതിരുന്ന യുവാവ് ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. കിടപ്പുമുറിയിൽ വെച്ച് ബ്രാംലിയെ നിരവധി തവണ കത്തികൊണ്ട് കുത്തിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കുളിമുറിയിലെത്തിച്ച് കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗിലാക്കി. ശേഷം അടുക്കളയിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ലാർഡറിൽ ഒളിപ്പിച്ചുവെച്ചു. ഒരാഴ്ചക്കുശേഷം സുഹൃത്തിന്റെ സഹായത്തോടെ ശരീരഭാഗങ്ങൾ സമീപത്തെ ദിയിൽ തള്ളുകയായിരുന്നു.

നദിയിലൂടെ ഒഴുകുന്ന പ്ലാസ്റ്റിക് ബാഗുകൾ തൊട്ടടുത്ത ദിവസമാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. ബാഗ് തുറന്ന് പരിശോധിച്ചതോടെ കൈയും യുവതിയുടെ തലയും കണ്ടെടുത്തു. തുടർന്ന് നടത്തിയ തിരച്ചിലിൽ കൂടുതൽ ബാഗുകൾ കണ്ടെത്തി. ആകെ 224 ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. സംഭവത്തിൽ നെറ്റ്‌സണിനെ പൊലീസ് പലതവണ ചോദ്യം ചെയ്‌തെങ്കിലും ഒരിക്കൽപോലും ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. ഇതിനിടെ നെറ്റ്‌സണെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തുവന്നിരുന്നു.

ഒന്നര വർഷം മുമ്പാണ് ബ്രാംലിയും നെറ്റ്‌സണും തമ്മിലുള്ള വിവാഹം നടന്നത്. മാസങ്ങളായി മകളെ കാണാൻ തങ്ങളെ അനുവദിക്കുകയോ വീട്ടിലേക്ക് വിടുകയോ ചെയ്തിരുന്നില്ലെന്ന് ബ്രാംലിയുടെ മാതാവ് കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തിൽ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കോടതി നെറ്റ്‌സണിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

Tags:    
News Summary - UK Man Grinds Wife's Hamsters In Mixer, Then Cuts Her Into 200 Pieces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.