ബംഗളൂരു: മൈസൂരു ഉദയഗിരിയിൽ ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്നതിലേക്ക് നയിച്ച വിദ്വേഷ പ്രസംഗം നടത്തിയെന്നതിന് മതാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ പരാജയത്തെക്കുറിച്ചുള്ള വിവാദമായ സമൂഹമാധ്യമ പോസ്റ്റിനെത്തുടർന്നുണ്ടായ സംഭവത്തിന്റെ 11ാം ദിവസം വ്യാഴാഴ്ചയാണ് മുഫ്തി മുസ്താഖ് മഖ്ബൂലിയെ സിറ്റി സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) കസ്റ്റഡിയിലെടുത്തത്.
മഖ്ബൂലി പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന വിഡിയോ ക്ലിപ്പ് പൊലീസിന് ലഭിച്ചിരുന്നു. ഇത് വൈറലാകുകയും സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തു എന്നാണ് പൊലീസ് നിരീക്ഷണം.
വിവാദ പോസ്റ്റ് ഇട്ടയാളെയും പൊലീസ് സ്റ്റേഷൻ അക്രമവുമായി ബന്ധപ്പെട്ട് 16 പേരെയും ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിയുൾപ്പെടെ ബി.ജെ.പി നേതാക്കൾ ഉയർത്തിയ സമ്മർദത്തെത്തുടർന്നാണ് മതാധ്യാപകനെ കസ്റ്റഡിയിലെടുത്തത്.
മൈസൂരുവിലെ കല്യാൺനഗറിൽനിന്നുള്ള സതീഷ് എന്ന പാണ്ഡുരംഗ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുൻ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ എന്നിവരുൾപ്പെടെ പ്രമുഖ രാഷ്ട്രീയ വ്യക്തികളെ പരിഹസിക്കുന്ന ഒരു സന്ദേശം പോസ്റ്റ് ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്.
പ്രവാചകനിന്ദയും ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള അധിക്ഷേപകരമായ വർഗീയ പരാമർശങ്ങളും ഈ പോസ്റ്റിൽ ഉണ്ടായിരുന്നു, ഇത് സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് പ്രചരിച്ചു.
ഇതേത്തുടർന്ന് ഉദയഗിരി പൊലീസ് സ്റ്റേഷന് പുറത്ത് ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ള ഒരു സംഘം തടിച്ചുകൂടി സതീഷിനെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
പൊലീസും മതനേതാക്കളും ജനക്കൂട്ടത്തെ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും സംഘർഷം രൂക്ഷമായി. ജനക്കൂട്ടം പൊലീസ് സ്റ്റേഷന് നേരെ കല്ലെറിയുകയും ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ (ഡി.സി.പി) ഔദ്യോഗിക വാഹനം ആക്രമിക്കുകയും ചെയ്തു.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കൂടുതൽ പൊലീസ് സേനയെ വിളിച്ചു.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ അഭ്യർഥിക്കുകയും ചെയ്തു. പ്രതിക്കെതിരെ നടപടിയെടുക്കുമെന്ന് അവർക്ക് ഉറപ്പ് നൽകി. ഒടുവിൽ പ്രതിഷേധം നിയന്ത്രണവിധേയമാവുകയും ജനക്കൂട്ടം പിരിഞ്ഞുപോകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.