എം.ഡി.എം.എയുമായി അറസ്റ്റിലായ സംഘം
എക്സൈസിനൊപ്പം
തൃശൂർ: 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര് തൃശൂർ എക്സൈസിന്റെ പിടിയില്‍. നെല്ലിക്കുന്ന് മേനാച്ചേരി നഗർ മാളിയേക്കൽ അനീഷ് (34), കാളത്തോട് കുറിച്ചിറ്റ പന്തല്ലൂക്കാരൻ ബെനഡിക്ട് എന്നിവരാണ് പിടിയിലായത്. തൃശൂർ നെല്ലിക്കുന്നിലെ അനീഷിന്റെ വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. മയക്കുമരുന്ന് തൂക്കിവില്ക്കാന് മൊബൈൽ ഫോൺ വലിപ്പത്തിലുള്ള ഇലക്ട്രോണിക് ത്രാസും 29,000 രൂപയും പിടിച്ചെടുത്തു.
മയക്കുമരുന്ന് വിപണിയിൽ വൻ ഡിമാൻഡുള്ള ഓഫ് വൈറ്റ് കല്ലുകൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വിലകൂടിയ തരം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ഇതിന്റെ രാസമിശ്രിതം ബംഗളൂരു കേന്ദ്രീകരിച്ച ആഫ്രിക്കൻ സംഘങ്ങൾക്ക് സ്വന്തമായതിനാൽ ആവശ്യക്കാർ ഏറെയാണ്. മൂന്ന് മാസത്തോളമായി നെല്ലിക്കുന്ന്, കാളത്തോട് മേഖലകളിൽ നടത്തിവന്ന രഹസ്യാന്വേഷണത്തിനൊടുവിലാണ് ജില്ലയിലെ വൻമയക്കുമരുന്ന് ലോബിയായ സംഘം പിടിയിലായത്. ബെനഡിക്റ്റ് നേരത്തെ എം.ഡി.എം.എ കൈവശം വെച്ച കേസിൽ പ്രതിയാണ്. 10 ഗ്രാം അന്ന് ഇയാളിൽനിന്ന് പിടിച്ചെടുത്തിരുന്നു. പ്രതികളുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തും. മണ്ണുത്തി സ്വദേശികളായ സിന്റോ എന്ന സിന്റപ്പൻ, സജിത്ത് എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. തൃശൂരില്‍ നേരത്തെ പിടിയിലായ മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായി പ്രതികൾക്കുള്ള ബന്ധം അന്വേഷിച്ചുവരികയാണെന്ന് എക്സൈസ് അറിയിച്ചു.
ലോകകപ്പും അവസരമാക്കി മാഫിയ
തൃശൂർ: ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പും ലഹരിമാഫിയ അവസരമാക്കിയതായി എക്സൈസ്. രാത്രി ഏറെ വൈകി നടക്കുന്ന ഫുട്ബാൾ മത്സരം കാണുന്നവരെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിൽപന സമയം മാറ്റിയതായും എക്സൈസ് വ്യക്തമാക്കി. രാത്രി ഉറക്കമിളച്ച് കളി കാണുന്ന ഒരു വിഭാഗം ചെറുപ്പക്കാർക്കിടയിലാണ് കൂടുതൽ വിതരണം നടക്കുന്നത്.
ഇങ്ങനെ കളി കാണുന്നവർ ഏറെ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വല വിരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കുടുക്കാനായത്. പ്രതികൾ മുമ്പും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണ്. സമൂഹത്തിന് ഭീഷണിയായ ഇത്തരം പ്രതികളെ സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ പെടുത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും എക്സൈസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.