നഴ്സുമാരുടെ ശുചിമുറിയിൽ ഒളികാമറ സ്ഥാപിച്ചു; ട്രെയിനി ഡോക്ടർ അറസ്റ്റിൽ

കോയമ്പത്തൂർ: പൊള്ളാച്ചി ജില്ലാ സർക്കാർ ആശുപത്രിയിൽ നഴ്സുമാരുടെ ശുചിമുറിയിൽ ഒളികാമറ സ്ഥാപിച്ച ട്രെയിനി ഡോക്ടർ പിടിയിൽ. കൃഷ്ണഗിരി ജില്ലയിലെ ഉത്തംഗറൈ സ്വദേശി വെങ്കിടേഷ് (33) എന്ന ട്രെയിനി ഡോക്ടറാണ് പിടിയിലായത്

രണ്ട് ദിവസം മുമ്പ് ഒരു വനിതാ നഴ്‌സ് ജീവനക്കാരുടെ വിശ്രമമുറിയിൽ പേനയുടെ ആകൃതിയിലുള്ള കാമറ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രി സൂപ്പർവൈസറെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടർ പിടിയിലായത്. ഡോക്ടർമാരും നഴ്സുമാരും ട്രെയിനി ഡോക്ടർമാരും ഉൾപ്പെടെ നൂറിലധികം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും പ്രത്യേക ശുചിമുറികളാണുള്ളത്.

കണ്ടെത്തലിനെ തുടർന്ന് വെങ്കിടേഷിനെതിരെ ആശുപത്രി അധികൃതർ പൊള്ളാച്ചി ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി ഡോക്ടറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്തപ്പോള്‍ നവംബർ 16ന് ജോലിയിൽ പ്രവേശിച്ചതു മുതൽ ഇയാൾ ശുചിമുറിയില്‍ കാമറ സ്ഥാപിച്ചതായി വ്യക്തമായി. ഓണ്‍ലൈനില്‍ കാമറ വാങ്ങിയതിന്‍റെ തെളിവുകൾ ഫോണിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.

വെങ്കിടേഷ് മുമ്പ് ജോലി ചെയ്തിരുന്ന ആശുപത്രികളിലും സമാനമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണം നടക്കുകയാണ്.  സംഭവം മെഡിക്കൽ സ്ഥാപനങ്ങൾക്കുള്ളിലെ സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

Tags:    
News Summary - Trainee Doctor Arrested for Placing Hidden Camera in Pollachi Government Hospital Restroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.