ബംഗളൂരു: വ്യാജ ചലാൻ ആപ് വഴി ബൈട്ടരായനപുര സ്വദേശിയായ യുവാവിന് നഷ്ടപ്പെട്ടത് 5.6 ലക്ഷം രൂപ. ട്രാഫിക് പൊലീസിന്റെ ആപ്പാണെന്ന് തെറ്റിദ്ധരിച്ച് വാഹനത്തിന്റെ ചലാൻ അടക്കാൻ വ്യാജ ആപ് ഇൻസ്റ്റാൾ ചെയ്തതോടെയാണ് യുവാവ് തട്ടിപ്പിനിരയായത്. വാഹനത്തിന് നിയമലംഘനം കണ്ടെത്തിയിട്ടുണ്ടെന്നും പിഴയടക്കണമെന്നും വാട്സ്ആപിൽ സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പ് തുടങ്ങിയത്. കൂടെ പിഴയടക്കാനായി ആപിന്റെ ലിങ്കും നൽകിയിരുന്നു.
വാഹനത്തിന്റെ നമ്പർ കൃത്യമായി നൽകിയതും നിയമലംഘനത്തിന്റെ സി.സി ടി.വി ദൃശ്യം ആപിൽ ലഭ്യമാണെന്നും പറഞ്ഞതോടെ ഇതു യഥാർഥമാണെന്ന് വിശ്വസിക്കുകയായിരുന്നു. വാഹൻ പരിവാൻ എന്ന തട്ടിപ്പുകാർ നൽകിയ ആപ് ഇൻസ്റ്റാൾ ചെയ്ത് 24 മണിക്കൂറിനിടെയാണ് യുവാവിന് പണം നഷ്ടപ്പെട്ടത്. തട്ടിപ്പ് മനസ്സിലായതോടെ യുവാവ് വെസ്റ്റ് സി.ഇ.എൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ബി.ടി.പി വെബ്സൈറ്റിലൂടെയും ആസ്ത്രം ആപിലൂടെയും മാത്രമേ പിഴ വിവരങ്ങൾ അറിയാൻ കഴിയൂവെന്നും ബംഗളൂരു സിറ്റി ട്രാഫിക് പൊലീസ് ഒരിക്കലും എസ്.എം.എസ് അല്ലെങ്കിൽ വാട്സ്ആപ് വഴി പിഴവിവരങ്ങൾ അറിയിക്കില്ലെന്നും ഇത്തരം മെസേജുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസ് വ്യക്തമാക്കി. രാജ്യത്ത് സമീപകാലത്തായി സൈബർ തട്ടിപ്പുകൾ കുത്തനെയുയർന്നിട്ടുണ്ട്. ഐ.ടി തലസ്ഥാനമായ ബംഗളൂരുവും ഇക്കാര്യത്തിൽ ഒട്ടും പിറകിലല്ല. സൈബർ തട്ടിപ്പുകൾക്കെതിരെ പൊലീസ് നിരന്തരമായി ജാഗ്രത മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും തട്ടിപ്പുകളുടെ എണ്ണത്തിൽ മാത്രം കുറവുകളുണ്ടാകുന്നില്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.