55 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നം പിടികൂടിയ സംഭവം: പ്രതികളെ പൊലീസിന് കൈമാറി

ആലപ്പുഴ: റിക്കവറി വാഹനത്തിൽകൊണ്ടുപോയ കേടായ പിക്അപ് വാനിൽനിന്ന് 55 ലക്ഷം രൂപയുടെ നിരോധിത പുകയില കടത്തിയ സംഭവത്തിൽ വൻ റാക്കറ്റെന്ന് സൂചന. കൂടുതൽ അന്വേഷണത്തിന് പ്രതികളെ സൗത്ത് പൊലീസിന് കൈമാറി.

കഴിഞ്ഞദിവസം എക്സൈസ് പിടികൂടിയ പ്രതികളായ മലപ്പുറം നിലമ്പൂർ കാഞ്ഞിരമലയിൽ ഷാജു (22), അയൽവാസി കാഞ്ഞിരമലയിൽ ഫെബിൻ (22), ആലപ്പുഴ സിവ്യൂ വാർഡിൽ ഇജാസ് മൻസിലിൽ ഇജാസ് ഇക്ബാൽ (27) എന്നിവരെയാണ് പൊലീസിന് കൈമാറിയത്.

ബുധനാഴ്ച വൈകീട്ട് ആലപ്പുഴ നഗരമധ്യത്തിൽവെച്ചാണ് കേടായ പിക്അപ് വാനിൽ വെളുത്തുള്ളി ചാക്കിൽ ഒളിപ്പിച്ച 54 ചാക്കിലായി 90,000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് വിൽപനക്കായി കൊണ്ടുപോയ സാധനങ്ങളാണ് പിടികൂടിയത്. അന്വേഷണത്തിൽ തമിഴ്നാട് സേലത്തുവെച്ചുണ്ടായ അപകടത്തിലാണ് പിക്അപ് വാൻ കേടായത്. തുടർന്നാണ് റിക്കവറി വാഹനത്തിന്‍റെ സഹായം പ്രതികൾ തേടിയത്.

മാസത്തിൽ 15ലേറെ തവണ നിരോധിത ഉൽപന്നങ്ങൾ വിവിധവാഹനങ്ങളിലായി കടത്തുന്ന വലിയസംഘമാണ് സംഭവത്തിന് പിന്നിൽ. പ്രതികളെ ചോദ്യംചെയ്തപ്പോൾ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും വലിയ സാമ്പത്തിക തിരിമറിയാണ് നടത്തുന്നതെന്നും മനസ്സിലായതായി എക്സൈസ് അധികൃതർ പറഞ്ഞു. ഇത്തരം കാര്യങ്ങൾ കണ്ടെത്തുന്നതിന് വിശദമായ അന്വേഷണം നടത്താൻ വേണ്ടിയാണ് കേസ് പൊലീസിന് കൈമാറിയത്.

രഹസ്യസന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.ബംഗളൂരുവിലെ ഹുസൂർ മാർക്കറ്റിൽനിന്നാണ് വെളുത്തുള്ളി, സവാള അടക്കമുള്ള ലോഡുകൾ കയറ്റുന്നത്. പിന്നീട് ഈവാഹനം അത്തിപ്പള്ളിയിൽ എത്തിച്ചാണ് ഇതിനൊപ്പം നിരോധിത പുകയില ഉൽപന്നങ്ങൾ നിറക്കുന്നത്.

ഇതിനായി നിരവധി ഡ്രൈവർമാരെയും നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞതവണ നാഷനൽ പെർമിറ്റ് ലോറിയിൽ സവാള ചാക്കുകൾക്കൊപ്പമാണ് കേരളത്തിലേക്ക് പുകയില ഉൽപന്നങ്ങൾ കടത്തിയത്. ഒരുമാസത്തിൽ 15ൽഅധികം തവണ ചെറുതും വലുതുമായ വിവിധ വാഹനങ്ങളിലാണ് സാധനങ്ങൾ എത്തിച്ചിരുന്നത്. എക്സൈസിന് പരിമിതമായ അധികാരമുള്ളതിനാൽ പ്രതികൾ രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് കേസ് പൊലീസിന് കൈമാറിയത്.

Tags:    
News Summary - tobacco product worth Rs 55 lakh seized: Accused handed over to police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.