കൊല്ലപ്പെട്ട സഹർ 

തൃശൂരിലെ സദാചാരക്കൊല: വ്യാപക റെയ്ഡുമായി പൊലീസ്, പ്രതികളുടെ പൊടിപോലുമില്ല

തൃശൂർ: തിരുവാണിക്കാവിൽ സദാചാര ഗുണ്ടകളുടെ ക്രൂരമർദനത്തിനിരയായി ബസ് ഡ്രൈവർ ചേർപ്പ് സ്വദേശി സഹർ (32) മരിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ വ്യാപക പരിശോധനയുമായി പൊലീസ്. 50 പൊലീസുകാരടങ്ങിയ സംഘം ചേർപ്പ് മേഖലയിൽ പുലർച്ച വരെ പരിശോധന നടത്തിയിട്ടും പ്രതികളെ കുറിച്ച് വിവരം ലഭിച്ചില്ല. സദാചാര മർദനം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും നടപടിയെടുക്കാതിരുന്ന പൊലീസ്, യുവാവ് മരിച്ചതിന് പിന്നാലെ സംഭവം വിവാദമായതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. പൊലീസിന്‍റെ വീഴ്ചയാണ് പ്രതികളെ സംരക്ഷിക്കുന്നതെന്ന് വ്യാപക വിമർശനമുണ്ട്. 

പഴുവിൽ കോട്ടം നെല്ലിപ്പറമ്പിൽ രാഹുൽ, കോട്ട കരിക്കിൻതറ വിഷ്ണു, മച്ചിങ്ങൽ ടിനോ, മച്ചിങ്ങൽ അഭിലാഷ്, കൊടക്കാട്ടിൽ വിജിത്ത്, കൊടക്കാട്ടിൽ അരുൺ, എട്ടുമന കാരണയിൽ ജിഞ്ചു ജയൻ, ചിറക്കൽ അമീർ എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ രാഹുൽ വിദേശത്തേക്ക് കടന്നുവെന്നാണ് വിവരം. ഇവരെ കൂടാതെ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ കൂടി കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. റൂറൽ എസ്.പി ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികൾക്കായി ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. 

ഫെബ്രുവരി 18ന് അർധരാത്രി ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് സഹറിന് നേരെ ക്രൂരമായ മർദനമുണ്ടായത്. തൃശൂർ - തൃപ്രയാർ റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹർ. സുഹൃത്തായ സ്ത്രീയുടെ വീട്ടിലെത്തിയപ്പോഴാണ് സദാചാര ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു. ബസ് റൂട്ടിലെ സമയക്രമത്തെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ മർദനമേറ്റെന്നാണ് സഹർ ആദ്യം പറഞ്ഞതെന്ന് പൊലീസ് പറയുന്നു. പിന്നീടാണ്, സാദാചാര ആക്രമണമാണെന്ന് വ്യക്തമായത്.

രാത്രി 12ന് തങ്ങളുടെ പ്രദേശത്ത് യുവാവിനെ കണ്ടത് ആറംഗ സംഘം ചോദ്യം ചെയ്യുകയും ക്രൂരമായി മർദിക്കുകയായിരുന്നു. പുലർച്ച വരെ മർദനം തുടർന്നു. പുലർച്ചയോടെ സഹർ വീട്ടിലെത്തി കിടന്നെങ്കിലും കടുത്ത വേദനയെ തുടർന്ന് കരച്ചിലായി. ഇതോടെയാണ് വീട്ടുകാർ സംഭവമറിയുന്നത്. ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും ആരോഗ്യനില മെച്ചപ്പെട്ടില്ല. വാരിയെല്ലുകൾ ഒടിയുകയും വൃക്ക ഉൾപ്പെടെ ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. സഹറിനെ തീവ്രപരിചരണ വിഭാഗത്തിൽനിന്നും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. തുടർന്ന് ഇന്നലെ ജീവൻ നഷ്ടമാകുകയായിരുന്നു.

മർദനം നടന്ന ആഴ്ചകൾ പിന്നിട്ടിട്ടും ഒരാളെ പോലും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. സഹർ മരിച്ചതോടെയാണ് കേസിന് വീണ്ടും അനക്കമുണ്ടായിരിക്കുന്നത്. പൊലീസിന്‍റെ ഭാഗത്തുനിന്ന് അന്വേഷണത്തിൽ വൻ വീഴ്ചയുണ്ടായതായി വിമർശനമുണ്ട്. അറസ്റ്റ് വൈകുന്നതിൽ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന കാര്യം പരിശോധിക്കുമെന്ന് എസ്.പി ഐശ്വര്യ ഡോങ്റെ പറഞ്ഞിരുന്നു. 

Tags:    
News Summary - thrissur moral policing murder police conduct raids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.