മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലി തർക്കം; യു.പിയിൽ മൂന്ന് യുവാക്കളെ വെടിവെച്ചു കൊന്നു

ബുലന്ദ്‌ഷഹർ (ഉത്തർപ്രദേശ്): ബുലന്ദ്‌ഷഹറിൽ ജിം ട്രെയിനറുടെ ജന്മദിനാഘോഷത്തിനിടെ മുഖത്ത് കേക്ക് തേച്ചതിനെ ചൊല്ലിയുണ്ടായ തർക്കം മൂന്ന് യുവാക്കളുടെ കൊലപാതകത്തിൽ കലാശിച്ചു. ഈ കേസിൽ പിടിയിലായ പ്രതികളിൽ ഒരാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റു വീണു.

പിടിയിലായ മായങ്ക് സൈനി എന്ന പ്രതിയെ ആയുധം ഒളിപ്പിച്ച സ്ഥലം കണ്ടെത്താനായി പൊലീസ് കൊണ്ടുപോയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. ഖുർജ നഗറിന് പുറത്തുള്ള അഗവാൾ ഫ്ലൈഓവറിന് താഴെ ഒളിപ്പിച്ച തോക്ക് പുറത്തെടുത്ത പ്രതി പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് തിരിച്ചടിക്കുകയും മായങ്കിന്റെ കാലിന് വെടിയേൽക്കുകയും ചെയ്തു. ഇയാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നരേഷ് സൈനി, രൂപേഷ് സൈനി എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആകെ 10 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാത്രി സുഭാഷ് റോഡിലെ ഒരു ജിമ്മിൽ ട്രെയിനറായ ജീതുവിന്റെ ജന്മദിനാഘോഷം നടക്കുകയായിരുന്നു. ആഘോഷത്തിനിടെ മുഖത്ത് കേക്ക് തേക്കുന്നതിനെ ചൊല്ലി രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായി.

തർക്കം രൂക്ഷമായതോടെ ജിം ട്രെയിനറും കൂട്ടാളികളും ചേർന്ന് വെടിയുതിർക്കുകയായിരുന്നു. തലക്ക് വെടിയേറ്റ അമർ സൈനി (26), മനീഷ് സൈനി (23), ആകാശ് സൈനി (22) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരേ കുടുംബത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ട മൂന്ന് പേരും.

കൊല്ലപ്പെട്ടവരും പ്രതികളും ഒരേ സമുദായത്തിൽപ്പെട്ടവരാണ്. മുഖത്ത് കേക്ക് തേച്ചതിനെ ചൊല്ലിയുള്ള തർക്കം പെട്ടെന്നുണ്ടായ പ്രകോപനമാണെങ്കിലും, പ്രദേശത്തെ ആധിപത്യത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ നേരത്തെയുണ്ടായിരുന്ന ശത്രുതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി ബുലന്ദ്‌ഷഹർ പൊലീസ് അറിയിച്ചു.

Tags:    
News Summary - Three youths shot dead in UP over cake smeared on face

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.