കാഞ്ഞങ്ങാട്: ബസ്, ഓട്ടോ യാത്രക്കിടെ വീട്ടമ്മമാരുടെ ലക്ഷങ്ങൾ വില വരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പിടിയിലായി റിമാൻഡിൽ കഴിയുന്ന കുപ്രസിദ്ധ പിടിച്ചുപറി സംഘത്തിൽപ്പെട്ട സ്ത്രീകളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
തമിഴ്നാട് തൂത്തുക്കുടി സ്വദേശിനികളെന്ന വ്യാജ മേൽ വിലാസം നൽകി പൊലീസ് സംഘത്തെ കബളിപ്പിച്ച യുവതി കളെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയാണ് തിങ്കളാഴ്ച ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. നിഷ (25), പാർവതി (28), കല്യാണി (38) എന്നീ യുവതികളെയാണ് കോടതി കേസന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ കെ.പി. സതീഷിന്റെ കസ്റ്റഡിയിൽ വിട്ടത്. പിടിയിലായ മൂന്ന് യുവതികൾ തലശ്ശേരി , ഹോസ് ദുർഗ്, ആദൂർ പൊലീസിനെ ഒരു പോലെ കബളിപ്പിച്ചതിനെ തുടർന്ന് യുവതി കളുടെയഥാർഥ പേരും വിലാസവും കണ്ടെത്തുന്നതിന് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ സമീപിക്കുകയായിരുന്നു.
പിടിച്ചു പറിക്കേസിൽ യുവതികൾ ഒരു മാസം മുമ്പ് തലശ്ശേരി പൊലീസ് പിടിയിലാകുമ്പോൾനിഷ (25), പാർവതി (28), കല്യാണി (38) തമിഴ് നാട്ടിലെ തൂത്തുക്കുടിയെന്ന മേൽ വിലാസം നൽകി. ചോദ്യം ചെയ്യലിൽ കാഞ്ഞങ്ങാട്ടെയും ആ ദൂരിലും നിരവധി പിടിച്ചു പറിക്കേസുകൾക്ക് പിന്നിലും ഇവരാണെന്ന് വ്യക്തമായി. കോടതി അനുമതിയോടെ ഹോസ്ദുർഗ്, ആദൂർ പൊലീസും ജയിലിൽ യുവതി കളെ ചോദ്യം ചെയ്തപ്പോഴും തലശ്ശേരി പൊലീസിന് നൽകിയ പേരും മേൽ വിലാസവും ആവർത്തിച്ചു.
കേസന്വേഷണച്ചുമതലയുള്ള ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പൊലീസ് പ്രതികളുടെ കൂടുതൽ വിവരം തേടി തൂത്തുക്കുടിയിലെത്തിയപ്പോഴാണ് യുവതികൾ നൽകിയ പേരും വിലാസവും വ്യാജമാണെന്ന് വ്യക്തമായത്. ഇത്തരത്തിലുള്ള മൂന്ന് സ്ത്രീകൾ തൂത്തുക്കുടിയിലില്ലെന്ന് ഇവിടുളളവർ ഹോസ്ദുർഗ് പൊലീസ് സംഘത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് സംഘം കാഞ്ഞങ്ങാട്ടേക്ക് മടങ്ങി.
കാഞ്ഞങ്ങാട് ഗാർഡർ വളപ്പിലെ ഭാസ്കരന്റെ ഭാര്യ രോഹിണിയുടെ നാലേമുക്കാൽ പവന്റെ സ്വർണ മാല, കിഴക്കും കരയിലെ അമ്പൂഞ്ഞി യുടെ ഭാര്യ സി.കെ. രോഹിണിയുടെ മൂന്നര പവൻ മാല എന്നിവ തട്ടിയെടുത്ത കേസിലാണ് ഹോസ് ദുർഗ് പൊലീസ് തൂത്തുക്കുടിയിലെത്തിയത്.
രണ്ട് മാസം മുമ്പായിരുന്നു പിടിച്ചു പറി . പ്രതികളുടെ ശരിയായ പേരും മേൽ വിലാസവും കണ്ടെത്തുന്നതിന് വേണ്ടിയാണ് പൊലീസ് റിമാൻഡ് തടവുകാരായി ജയിലിൽ കഴിയുന്ന യുവതികളെ വീണ്ടും ചോദ്യം ചെയ്യുന്നത്. കാഞ്ഞങ്ങാട്ട് നടന്ന മറ്റൊരു പിടിച്ചുപറി കേസുകൾക്ക് പിന്നിലും ഇതേ സ്ത്രീകളാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഈ കേസിലും പൊലീസ് യുവതികളെ ചോദ്യം ചെയ്യും. മൂന്ന് മാസം മുമ്പ് സ്വകാര്യ ബസ് യാത്രക്കിടെ അജാനൂർ ഹരിപുരം വിഷ്ണുമംഗലത്തെ കുഞ്ഞിരാമന്റെ ഭാര്യ എം. ശ്യാമളയുടെ ആഭരണം കവർന്ന കേസാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.