മേലുകാവ് പള്ളിയിൽ മോഷണം: രണ്ട് നേർച്ചക്കുറ്റികൾ തകർത്തു

ഈരാറ്റുപേട്ട: മേലുകാവുമറ്റം ടൗണിലെ സെന്‍റ്തോമസ് പള്ളിയിൽ മോഷണം. പള്ളിയുടെ പിൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. ഞായറാഴ്ച രാവിലെ 5.30ന് കുർബാനക്ക് പള്ളി ഭാരവാഹികൾ എത്തിയപ്പോഴാണ് വാതിൽ തകർത്തതായി കണ്ടത്. തുടർന്ന് വൈദികനെയും കൈക്കാരന്മാരായും വിവരമറിയിച്ചു. ഇവർ മേലുകാവ് പൊലീസിൽ വിവരം അറിയിച്ചു.

രണ്ട് നേർച്ചക്കുറ്റി നഷ്ടമായതായി പൊലീസ് കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഇവ സമീപമുള്ള നിർമാണത്തിലിരിക്കുന്ന പള്ളി ഓഡിറ്റോറിയത്തിനു സമീപത്തുനിന്ന് കണ്ടെത്തി. നിർമാണ തൊഴിലാളികൾ താമസിക്കുന്ന ഷെഡിനു മുന്നിലായിരുന്നു നേർച്ചക്കുറ്റികൾ കിടന്നിരുന്നത്. കല്ലുകൊണ്ട് ഇടിച്ചുപൊട്ടിച്ച് പണം അപഹരിച്ച നിലയിലായിരുന്നു. പാലായിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

പൊലീസ് നായ് ഓഡിറ്റോറിയത്തിന് ഉള്ളിലൂടെ കടന്ന് പുറത്തേക്കിറങ്ങി കുറ്റിക്കാട്ടിലേക്കാണ് ഓടിയത്. നേർച്ചപ്പെട്ടികൾ എടുത്തതിന് പിന്നിൽ ഒന്നിൽ കൂടുതൽ ആളുകളുണ്ടെന്നാണ് സംശയിക്കുന്നത്. വാതിലിന്‍റെ ഒരു ഭാഗം കരിങ്കല്ലുകൊണ്ട് ഇടിച്ചു തകർത്ത നിലയിലാണുള്ളത്. പാലാ എ.എസ്.പി നിധിൻ രാജും സ്ഥലത്തെത്തിയിരുന്നു. സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Theft at Melukavu Church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.