Representational Image
ശാസ്താംകോട്ട: കഴിഞ്ഞമാസം നാലിന് പുലർച്ച ഭരണിക്കാവ് ജങ്ഷനിലെ ബേക്കറിയിൽ മോഷണം നടത്തിയ കേസിൽ പ്രതി പൊലീസ് പിടിയിൽ. ശൂരനാട് തെക്ക് ഇഞ്ചക്കാട് കക്കാക്കുന്ന് കാർത്തികഭവനത്തിൽ മത്തിക്കണ്ണൻ എന്ന ശ്രീജിത്ത് (21) ആണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒന്നരമാസക്കാലയളവിനുള്ളിൽ ഭരണിക്കാവ് ജങ്ഷനിൽ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന മൂന്നാമത്തെയാളാണ് ഇയാൾ.
ആദ്യം തമിഴ്നാട് സ്വദേശിയായ സുന്ദരമൂർത്തിയെയും ചവറ മുകുന്ദപുരം സ്വദേശി അനീഷിനെയും ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭരണിക്കാവ് ബേക്കറിയിൽനിന്ന് മേശയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയും ബേക്കറി സാധനങ്ങളും മോഷ്ടിച്ചിരുന്നു. ബേക്കറിയുടെ ഷട്ടറിന്റെ പൂട്ടുതകർത്ത് അകത്തുകയറി മേശ കുത്തിത്തുറന്നാണ് പ്രതി മോഷണം നടത്തിയത്. മൊബൈൽ കാളുകളുടെ വിശദാംശങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ശാസ്താംകോട്ട സബ് ഇൻസ്പെക്ടർ ഷാനവാസ്, എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒ ഷോബിൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.