സന്തോഷ്
കാഞ്ഞങ്ങാട്: സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് കവർച്ച നടത്തുന്നതിനിടെ കുപ്രസിദ്ധ കവർച്ചക്കാരൻ തൊരപ്പൻ സന്തോഷിനെ നാട്ടുകാർ സാഹസികമായി പിടികൂടി. രക്ഷപ്പെടാൻ കടയുടെ ഒന്നാം നിലയിൽ നിന്ന് ചാടിയ പ്രതിയുടെ കാലൊടിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയാണ് നാടകീയസംഭവം. മേൽപറമ്പ് ഓൾഡ് മിൽമ ജങ്ഷനടുത്തുള്ള കാഷ് മാർട്ട് ഹൈപർ മാർക്കറ്റിലായിരുന്നു കവർച്ച.
ഷട്ടറിന്റെ പൂട്ടുതകർത്ത് അകത്തുകയറിയ കവർച്ചക്കാരൻ കൗണ്ടറിൽനിന്ന് 3000 രൂപ കവർന്നു. കടക്ക് സമീപം പാർക്ക് ചെയ്ത ബൈക്ക് എടുക്കാനെത്തിയ യുവാക്കൾ കടയുടെ അകത്തുനിന്ന് ശബ്ദംകേട്ട് നാട്ടുകാരെ വിളിച്ചുകൂട്ടി കട വളഞ്ഞു. ഇതോടെയാണ് പ്രതി കടന്നുകളയാൻ ഒന്നാം നിലയിൽനിന്ന് ചാടിയത്. നാട്ടുകാർ പ്രതിയെ മേൽപറമ്പ് പൊലീസിന് കൈമാറി. തളിപ്പറമ്പിൽനിന്ന് രാത്രി 8.30ഓടെ ബസിൽ മേൽപറമ്പിലെത്തിയശേഷം പുലർച്ചവരെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് പ്രതി നാട്ടുകാരോട് പറഞ്ഞു. മൊട്ടയടിച്ചും കൈയുറ ധരിച്ചുമാണ് കവർച്ചക്കെത്തിയത്. സ്ഥാപനം നടത്തുന്ന മേൽപറമ്പയിലെ കെ. അനൂപിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ജില്ലക്കകത്തും പുറത്തുമായി സന്തോഷിന്റെ പേരിൽ നിരവധി കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.