ബി​ജു, ബി​നു, സു​ഭാ​ഷ്

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ

ആലപ്പുഴ: പണം നൽകാനുള്ളതുമായി ബന്ധപ്പെട്ട് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മാവേലിക്കര അറുന്നൂറ്റിമംഗലം വെട്ടിയാർ സ്വദേശി ബിജു (കൊപ്പാറ ബിജു -41), കുറത്തികാട് കാതേലിൽ വീട്ടിൽ ബിനു (ബോണ്ട ബിനു -45), കുറത്തികാട് തെക്കേക്കര വില്ലേജിൽ കണ്ടത്തിൽ വടക്കേതിൽ വീട്ടിൽ സുഭാഷ് (38) എന്നിവരാണ് അറസ്റ്റിലായത്. വിവരമറിഞ്ഞ് പിന്തുടർന്ന പൊലീസ് സാഹസികമായി പ്രതികളെ പിടികൂടിയാണ് മർദനമേറ്റ യുവാവിനെ മണിക്കൂറുകൾക്കകം രക്ഷിച്ചത്.

ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ തത്തംപള്ളി കൊച്ചുപറമ്പിൽ അജീഷിനെയാണ് (40) തട്ടിക്കൊണ്ടുപോയി മർദിച്ചത്. പണമിടപാടിൽ 45,000 രൂപ നൽകാനുണ്ടെന്നുപറഞ്ഞ് ഉപദ്രവിച്ചശേഷമാണ് അജീഷിനെ വൈകീട്ട് അഞ്ചോടെ വെള്ള മാരുതി കാറിൽ തട്ടിക്കൊണ്ടുപോയത്. സംഭവമറിഞ്ഞ് നോർത്ത് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും സംഘം രക്ഷപ്പെട്ടിരുന്നു. എടത്വ ഭാഗത്തേക്ക് പോയ വാഹനം എടത്വ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം കൈകാണിച്ചിട്ടും നിർത്തിയില്ല. തുടർന്ന്, മാന്നാർ പൊലീസിന്‍റെ സഹായത്തോടെ ജില്ല അതിർത്തിയായ പന്നായി പാലത്തിന്‍റെ ഭാഗത്ത്‌ റോഡ് തടഞ്ഞ് വാഹനപരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

യുവാവിനെ തട്ടിക്കൊണ്ടുപോയത് നിരവധി കേസുകളിൽ പ്രതിയായ കൊപ്പാറ ബിജുവാണെന്ന് തിരിച്ചറിഞ്ഞ് പ്രതിയുടെ അറുന്നൂറ്റിമംഗലത്തെ വീടും പരിസരവും കേന്ദ്രീകരിച്ചും പരിശോധന നടത്തി. ഇതിനിടെയാണ് മാവേലിക്കര ജില്ല ആശുപത്രി പരിസരത്തെ ഇടറോഡിൽ വെള്ള മാരുതി കാർ കിടക്കുന്നത് കണ്ടത്. പൊലീസ് അടുത്തെത്തിയപ്പോൾ വാഹനം ഓടിച്ച് പോകാൻ ശ്രമിച്ചു. പൊലീസ് വാഹനം കുറുകെയിട്ട് നിർത്തിയ സമയത്ത് ഓടിയ പ്രതികളെ പൊലീസ് പിന്തുടർന്ന് സാഹസികമായി കീഴടക്കുകയായിരുന്നു.

തുടർന്ന് ഇവരെ മാവേലിക്കര പൊലീസിന് കൈമാറി. മർദനമേറ്റ യുവാവിനെ ആദ്യം മാവേലിക്കര ജില്ല ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിടിയിലായ കൊപ്പാറ ബിജു, ബോണ്ട ബിനു, സുഭാഷ് എന്നിവർ വധശ്രമം, സ്പിരിറ്റ് കടത്ത്, മയക്കുമരുന്ന് അടക്കം നിരവധി ക്രിമിനൽ കേസിൽ പ്രതികളാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - The youth was kidnapped and beaten; Three people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.