കഞ്ചാവ് വിൽക്കുന്നത് എക്സൈസിനെ അറിയിച്ചെന്ന്; യുവാവ് അയൽവാസിയെ കുത്തിപ്പരിക്കേൽപിച്ചു

തിരുവല്ല: കഞ്ചാവ് വില്‍പന നടത്തുന്ന വിവരം എക്‌സൈസ് സംഘത്തെ അറിയിച്ചെന്ന സംശയത്തില്‍ കിഴക്കൻ മുത്തൂരിൽ യുവാവ് അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പിച്ചു. കിഴക്കൻ മുത്തൂർ നാട്ടുകടവ് പയ്യാംപ്ലാത്ത വീട്ടിൽ തോമസ് ജോസഫി (39) നാണ് കുത്തേറ്റത്.

കുറ്റപ്പുഴ കണ്ടത്തിന്‍ കരയില്‍ വീട്ടിൽ രാഹുല്‍ രാജൻ (24) ആണ് ആക്രമിച്ചതെന്ന് തോമസ് പൊലീസിന് മൊഴി നല്‍കി. ഗുരുതരമായ പരിക്കുകളോടെ തോമസിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നാട്ടുകടവ് എസ്.എന്‍.ഡി.പി ഗുരുമന്ദിരത്തിന് സമീപം ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. തോമസിന്റെ ഇടതു കൈയുടെ തോളിനും തോളിന് പിന്നിലായി വലതു വശത്തും നെറ്റിക്കും ആഴത്തില്‍ മുറിവുണ്ട്. തോള്‍ പലകക്ക് ഉണ്ടായ മുറിവ് ആഴമേറിയതും മാരകവുമാണ്.

മുഖത്ത് തന്നെ നാലോളം മുറിവുകള്‍ ഉണ്ട്. ഫ്ലക്സ് മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടായിരുന്നു ആക്രമണമെന്ന് കരുതുന്നു. തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ തോമസിനെ രാത്രി 12 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇയാള്‍ അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

രാഹുല്‍ രാജിനെ കഞ്ചാവ് കൈവശം വെച്ചതിന് പ്രതിയാക്കി എക്‌സൈസ് കേസെടുത്തിട്ടുണ്ട്. മൂന്നു മാസം മുമ്പ് രാഹുല്‍ രാജന്റെ ബൈക്ക് കഞ്ചാവ് സഹിതം എക്‌സൈസ് പിടിച്ചെടുത്തിരുന്നു. തോമസിന്റെ വീടിന് മുന്നിലെ വഴിയില്‍ ഇരുന്ന ബൈക്കാണ് പിടികൂടിയത്. ഇത് ഒറ്റു കൊടുത്തത് തോമസാണ് എന്നതാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല സി.ഐ പി.എസ്. വിനോദ് പറഞ്ഞു.

Tags:    
News Summary - The young man stabbed the neighbor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.