ബംഗളൂരു: രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്കിയ യുവതിയെ ഭര്‍ത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലഗ്ഗരെക്ക് സമീപം മുനേശ്വര ബ്ലോക്കിൽ താമസിക്കുന്ന രക്ഷിതയാണ് (26) മരിച്ചത്. ഭർത്താവ് സ്വകാര്യ ബാങ്ക് മാനേജർ രവീഷാണ് (32) സംഭവത്തിൽ പ്രതിയെന്ന് രക്ഷിതയുടെ പിതാവ് തിമ്മരാജു ആരോപിച്ചു.
രവീഷ് മൂന്നു വയസ്സുള്ള മൂത്ത മകളെ മുമ്പ് പലതവണ ആക്രമിച്ചിട്ടുണ്ട്. രണ്ടാമത്തെ മകളുടെ ജനനത്തെത്തുടർന്ന് ആശുപത്രി ബിൽ അടക്കാൻ രവീഷ് വിസമ്മതിച്ചു. രവീഷിനും സഹോദരൻ ലോകേഷിനുമെതിരെ രക്ഷിതയുടെ പിതാവ് പരാതി നൽകി. ഇരുവരും ചേർന്ന് മകളെ ഉപദ്രവിച്ച് കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ കെട്ടിത്തൂക്കി എന്നാണ് പരാതി.
തുമകുരു സ്വദേശിയായ രവീഷും ഹാസൻ ജില്ലയിലെ അരസികരെ സ്വദേശിയായ രക്ഷിതയും നാലു വർഷം മുമ്പാണ് വിവാഹിതരായത്. പിതാവ് തിമ്മരാജു പലതവണ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനാൽ മകളുടെ വീട്ടിലേക്ക് പോയി. വാതിൽ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ടപ്പോൾ വീട്ടുടമസ്ഥനിൽനിന്ന് താക്കോൽ വാങ്ങി അകത്തുകടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നന്ദിനി ലേഔട്ട് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.