ശ്രീ​നാ​ഥ്​ ബി​നീ​ഷ്​ സ​ന്ത​പ്പെ​ട്ട ശി​വ

മരുന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേരെ പൊലീസ് പിടികൂടി

കോലഞ്ചേരി: ആയുർവേദ മരുന്ന് കമ്പനി ഉടമയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് പ്രതികളെ കുന്നത്തുനാട് പൊലീസ് സിനിമ സ്റ്റൈലിൽ സാഹസികമായി പിടികൂടി.

തിരുപ്പൂർ പൊലീസിന്‍റെ സഹായത്തോടെ പ്രതികളെ ബൈക്കിൽ പിന്തുടർന്ന് തിരുപ്പൂർ മാർക്കറ്റിനുള്ളിലുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് കീഴ്പ്പെടുത്തിയത്.

നെല്ലാട് ഹരിദേവ് ഫോർമുലേഷൻസ് ഉടമ എം.എസ്. രഘുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒറ്റപ്പാലം പാലപ്പുറം എട്ടുങ്ങൽപ്പടി ബിനീഷ് (43), തിരുപ്പൂർ സന്തപ്പെട്ട ശിവ (അറുമുഖൻ - 40), കഞ്ചിക്കോട് ചെമ്മണംകാട് കാർത്തികയിൽ (പുത്തൻവീട്) ശ്രീനാഥ് (33) എന്നിവരാണ് പിടിയിലായത്.

കമ്പനിയുടെ മരുന്ന് തമിഴ്നാട്ടിൽ വിതരണം ചെയ്യാൻ താൽപര്യമറിയിച്ചാണ് പ്രതികൾ രഘുവിനെ സമീപിച്ചത്. തുടർന്ന് വെള്ളിയാഴ്ച കോയമ്പത്തൂരിലേക്ക് വിളിച്ചുവരുത്തി വിജനമായ സ്ഥലത്തെ ഫാമിലെത്തിച്ചു. വിതരണക്കമ്പനിയുടെ പ്രധാന പങ്കാളി കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്നും അയാൾ തിരുപ്പൂരിലുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് രഘുവിനെ ഫാമിലെത്തിച്ചത്.

അവിടെവെച്ച് അപ്രതീക്ഷിതമായി മൊബൈൽ ഫോൺ പിടിച്ചുവാങ്ങി മർദിക്കുകയായിരുന്നു. രാത്രി മകനെ വിളിച്ച് 42 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കിൽ പിതാവിനെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.

ഇതേതുടർന്ന് മകൻ നൽകിയ പരാതിയിൽ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഒറ്റരാത്രികൊണ്ട് പ്രതികളെ പിടികൂടി. പണം നിറച്ച ബാഗുമായി മകനെ പ്രതികളുടെ അടുത്തേക്ക് അയച്ചശേഷം സ്ഥലം മനസ്സിലാക്കിയാണ് പ്രതികളെ കുടുക്കിയത്.

തിരുപ്പൂർ പൊലീസിന്‍റെ സഹായവും തേടി. മകന്റെ പിന്നിൽ പൊലീസുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രതികൾ രഘുവിനെയും കൊണ്ട് കടന്നുകളയാൻ ശ്രമിച്ചെങ്കിലും പൊലീസ് കിലോമീറ്ററുകൾ പിന്തുടർന്ന് തിരുപ്പൂർ മാർക്കറ്റിനുള്ളിൽവെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് രഘുവിനെ മോചിപ്പിച്ചു.

ബിനീഷിനെതിരെ ഒറ്റപ്പാലത്ത് മോഷണത്തിനും ആലത്തൂർ, കൊല്ലം, തിരുപ്പൂർ എന്നിവിടങ്ങളിൽ തട്ടിക്കൊണ്ടുപോകലിനും കേസുകളുണ്ട്. ശിവക്ക് ആലത്തൂർ, കൊല്ലം എന്നിവിടങ്ങളിൽ തട്ടിക്കൊണ്ട് പോകലിന് കേസുണ്ട്. എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്‌പെക്ടർ വി.പി. സുധീഷ്, എ.എസ്.ഐമാരായ എ.കെ. രാജു, ബോബി കുര്യാക്കോസ്, സീനിയർ സി.പി.ഒ പി.എ. അബ്ദുൽ മനാഫ്, സി.പി.ഒമാരായ കെ.എ. സുബീർ, ടി.എ. അഫ്‌സൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - The police arrested three people in the case of abducting a drug dealer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.