കെനത്ത് ലോ
ലോകമെമ്പാടും നൂറുകണക്കിന് ആത്മഹത്യകളുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന 60-കാരനായ കെനത്ത് ലോ,ഓൺലൈൻ വഴി മാരകമായ വിഷവസ്തുക്കൾ വിറ്റ് 14 പേരുടെ ആത്മഹത്യക്ക് സഹായം നൽകിയെന്ന കുറ്റം വെള്ളിയാഴ്ച കാനഡയിലെ ഒന്റാറിയോ സുപ്പീരിയർ കോടതിയിൽ കുറ്റസമ്മതം നടത്തി.
ഇതോടെ വർഷങ്ങളായി മറഞ്ഞുകിടന്നിരുന്ന ഒരു ഭീകര ഓൺലൈൻ ശൃംഖലയാണ് ലോകത്തിന് മുന്നിൽ വെളിവായത്. കാനഡയിൽ നിന്നു തുടങ്ങിയ വ്യാപാരം, ബ്രിട്ടൻ, അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവ ഉൾപ്പെടെ 40-ലധികം രാജ്യങ്ങളിലേക്ക് 1,200-ത്തിലധികം മാരക രാസവസ്തുക്കൾ അടങ്ങിയ “ആത്മഹത്യാ കിറ്റുകൾ” അയച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരിൽ 16 മുതൽ 36 വയസുവരെയുള്ള യുവാക്കളും ഉൾപ്പെടുന്നു.
ഇൻവെസ്റ്റിഗേറ്റീവ് ഏജൻസികളുടെ കണ്ടെത്തൽ പ്രകാരം, ടൊറന്റോ മേഖലയിൽ ജീവിച്ചിരുന്ന ഇയാൾ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നാണ് 2020-ൽ ഈ ഓൺലൈൻ തട്ടിപ്പ് ബിസിനസ്സ് ആരംഭിക്കുന്നത്.ഇറച്ചി കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും എന്നാൽ അമിത അളവിൽ ഉള്ളിൽ ചെന്നാൽ മാരകവുമായ സോഡിയം നൈട്രൈറ്റ് എന്ന രാസവസ്തുവാണ് ഇയാൾ വിറ്റിരുന്നത്. ഉയർന്ന അളവിൽ ഉപയോഗിക്കുമ്പോൾ ഇത് മാരകമാകാം.
ആത്മഹത്യാ ചർച്ചകൾ നടക്കുന്ന ഓൺലൈൻ ഫോറങ്ങളിലാണ് ഇയാൾ ഉപഭോക്താക്കളെ അന്വേഷിച്ചിരുന്നത്. മരണത്തെക്കുറിച്ച് ചിന്തിക്കുന്ന, മാനസികമായി തളർന്നുപോയ ആളുകൾക്ക് “സുരക്ഷിതവും വേഗത്തിലുള്ളതുമായ മാർഗം” എന്ന രീതിയിൽ ഈ പാക്കറ്റുകൾ പരിചയപ്പെടുത്തുകയായിരുന്നു. ഇയാൾ കേവലം രാസവസ്തുക്കൾ വിൽക്കുക മാത്രമല്ല, അത് എങ്ങനെ ഉപയോഗിച്ചാൽ "മരണം ഉറപ്പാക്കാം" എന്ന് ആവശ്യക്കാർക്ക് ഓൺലൈൻ വഴി കൃത്യമായ ഉപദേശങ്ങൾ നൽകിയിരുന്നതായും കണ്ടെത്തി .
ബ്രിട്ടനിൽ ഇത്തരത്തിൽ പാക്കറ്റുകൾ എത്തിച്ചതായി ദേശീയ കുറ്റാന്വേഷണ ഏജൻസികൾ അറിയിച്ചിട്ടുണ്ട്. അവിടെ കുറഞ്ഞത് 79 മരണങ്ങൾ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് നാഷണൽ ക്രൈം ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 100-ത്തിലധികം മരണങ്ങളിൽ ലോയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചിരിക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
യു.കെയിലും നിരവധി വ്യക്തികൾക്ക് ലോയിൽ നിന്ന് പാക്കേജുകൾ ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഒന്റാറിയോയിൽ സ്ഥിരീകരിച്ച 14 മരണങ്ങളെ കേന്ദ്രീകരിച്ചാണ് കേസ് നടന്നതെങ്കിലും കാനഡയുടെ മറ്റ് ഭാഗങ്ങളിലും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലും പൊലീസ് ആത്മഹത്യകളായി കണക്കാക്കപ്പെടുന്ന മരണങ്ങളുമായുള്ള ലോയുടെ ബന്ധവും അന്വേഷിക്കുന്നുണ്ട്.
കെനത്ത് ലോ കുറ്റസമ്മതം നടത്തിയെങ്കിലും അന്വേഷണം ഇപ്പോഴും അവസാനിച്ചിട്ടില്ല. വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ ഇപ്പോഴും സംശയാസ്പദ മരണങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കാനഡയിൽ, ഒരാൾ സ്വയം ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുമ്പോൾ മറ്റൊരാൾ അതിനുള്ള വസ്തുക്കൾ എത്തിച്ചു നൽകിയാൽ അതിനെ 'കൊലപാതകം' ആയി കണക്കാക്കാൻ നിയമപരമായ തടസ്സങ്ങളുണ്ട്. അതിനാൽ ആദ്യം ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നെങ്കിലും, പിന്നീട് “ആത്മഹത്യക്ക് സഹായം നൽകൽ” എന്ന കുറ്റം മാത്രം നിലനിർത്തുകയായിരുന്നു. ശിക്ഷ സെപ്റ്റംബറിൽ വിധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.