ജിഷ
ആലപ്പുഴ: കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ടുകേസിലെ പ്രധാനപ്രതി പാലക്കാട്ടെ വാളയാറിൽ പൊലീസ് പിടിയിലായി. നേരത്തേ അറസ്റ്റിലായ എടത്വാ കൃഷി ഓഫീസർ ജിഷമോൾക്ക് കള്ളനോട്ടുകൾ നൽകിയത് ഇയാളാണെന്നാണു മൊഴി. എന്നാൽ, പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. ജിഷയുടെ സുഹൃത്തും കളരിയാശാനുമായ ആളാണ് പിടിയിലായതെന്നാണു വിവരം. മറ്റൊരു കേസിലാണ് പാലക്കാട്ട് ഇയാൾ പിടിയിലായത്. വിവരമറിഞ്ഞ് ആലപ്പുഴയിൽനിന്നുള്ള പൊലീസ് പാലക്കാട്ടേക്കു പോയിട്ടുണ്ട്. അവിടത്തെ നടപടിക്രമം പൂർത്തിയായാൽ ആലപ്പുഴയിലെത്തിച്ചു ചോദ്യംചെയ്യാനാണു തീരുമാനം. ജിഷമോൾ അറസ്റ്റിലായതിനുപിന്നാലെ നാടുവിട്ട ഇയാൾക്ക് അന്താരാഷ്ട്ര കള്ളനോട്ടുസംഘവുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്.
പ്രധാന ഇടനിലക്കാരനാണെന്നും കള്ളനോട്ടു സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരം ഇയാളിൽനിന്ന് അറിയാനാകുമെന്നുമാണ് പൊലീസിന്റെ പ്രതീക്ഷ. പിന്നിൽ വൻ മാഫിയയാണുള്ളതെന്ന് ഇയാൾ ജിഷമോളോടു പറഞ്ഞതായി മൊഴിയുണ്ട്. പിടികൂടിയ കള്ളനോട്ടുകൾ വിദേശത്ത് അച്ചടിച്ചതാണെന്ന സംശയമുള്ളതിനാൽ ദേശീയ അന്വേഷണ ഏജൻസികൾ കേസ് നിരീക്ഷിക്കുന്നുണ്ട്. അതിനാൽ ശ്രദ്ധയോടെയാണ് പൊലീസ് കേസ് കൈകാര്യം ചെയ്യുന്നത്. അറസ്റ്റിലായ ജിഷമോൾ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്. സർവീസിൽനിന്ന് സസ്പെൻഡു ചെയ്യപ്പെട്ട ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.