റാഷിദ്
കോട്ടയം: ഓൺലൈനിൽ വ്യാജ ട്രേഡിങ് സൈറ്റ് നിർമിച്ച് യുവാവിനെ കബളിപ്പിച്ച് ഒന്നേകാൽ കോടി രൂപയോളം തട്ടിയെടുത്ത മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. കാസർകോട് പെരുമ്പള സ്വദേശി ടി. റാഷിദിനെയാണ് (29) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ജൂൺ മുതൽ സെപ്റ്റംബർ വരെ കഞ്ഞിക്കുഴി സ്വദേശിയിൽനിന്ന് ഒന്നേകാൽ കോടി രൂപയാണ് തട്ടിയെടുത്തത്. ഇയാൾ വ്യാജ ഫേസ്ബുക്ക് ഐ.ഡി വഴി ട്രേഡിങ് ബിസിനസിൽ താല്പര്യമുള്ള യുവാവിനെ സമീപിക്കുകയും വിദേശ ട്രേഡിങ് കമ്പനിയുടെ പേരിൽ വ്യാജസൈറ്റ് നിർമിച്ച് യുവാവിനോട് അതിലൂടെ ട്രേഡിങ് ബിസിനസ് ചെയ്യാനും നിക്ഷേപിക്കുന്ന തുകയുടെ 15 ശതമാനം മാസംതോറും ബോണസായി ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളായി 1,24,19,150 രൂപ തട്ടിയെടുത്തു. ബോണസ് തുക ലഭിക്കാതിരുന്നതിനെ തുടർന്ന് താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ യുവാവ് ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് സംഘം നടത്തിയ ശാസ്ത്രീയ പരിശോധനക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ബംഗളൂരുവിലും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. ഈസ്റ്റ് എസ്.എച്ച്.ഒ പി.എസ്. ഷിജു, എസ്.ഐ ജിജി ലൂക്കോസ്, എ.എസ്.ഐ ജയചന്ദ്രൻ, സി.പി.ഒമാരായ പ്രതീഷ് രാജ്, അജിത്, അജേഷ് ജോസഫ്, വിബിൻ, മജു, രജീഷ്, രവീന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.