വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊന്നക്കൽകടവിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കൊന്നക്കൽകടവ് സായ്കുളമ്പ് കോഴിക്കാട്ടിൽ വീട്ടിൽ പാറുക്കുട്ടിയാണ് (75) മരിച്ചത്. സംഭവശേഷം ഭർത്താവ് നാരായണൻ (80) മംഗലംഡാം പൊലീസിൽ കീഴടങ്ങി. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. നാരായണനും പാറുക്കുട്ടിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
കുടുംബ വഴക്കിനെ തുടർന്ന് കൊടുവാളും ടാപ്പിങ് കത്തിയും ഉപയോഗിച്ച് പാറുക്കുട്ടിയുടെ കഴുത്തിലും മുഖത്തും വെട്ടുകയും കുത്തുകയുമായിരുന്നെന്നാണ് വിവരം. ഇവരുടെ മക്കൾ ജോലിയാവശ്യാർഥം വിവിധ സ്ഥലങ്ങളിലാണ്. ആലത്തൂർ ഡിവൈ.എസ്.പി അശോകൻ, നെന്മാറ സി.ഐ എം. മഹേന്ദ്രസിംഹൻ, മംഗലംഡാം എ.എസ്.ഐ ജമേഷ്, വടക്കഞ്ചേരി എസ്.ഐ ജീഷ് മോൻ വർഗീസ്, കിഴക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. രാധാകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി.
വിരലടയാള വിദഗ്ധരുടെയും, ഫോറൻസിക് വിഭാഗത്തിന്റെയും പരിശോധനക്കുശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നാരായണനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. മക്കൾ: ബാലകൃഷ്ണൻ, മണികണ്ഠൻ, ഗംഗാധരൻ, മല്ലിക, പുഷ്പലത. മരുമക്കൾ: ഉഷ, പ്രീത, അഞ്ജു, ശശി, പരേതനായ സുകുമാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.