കൊല്ലപ്പെട്ട അജയ്കുമാർ, പിടിയിലായ സുരേഷ്
മരട്: നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിന് സമീപം യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കൊണ്ടുതറപ്പള്ളി പ്രായിരി വടശ്ശേരിത്തൊടി ബാലകൃഷ്ണന്റെ മകന് അജയ്കുമാര്‍ (25) ആണ് മരിച്ചത്. സംഭവത്തില്‍ പാലക്കാട് പുതുശ്ശേരി തെക്കേത്തറ കളത്തിവീട് സുരേഷിനെ (32) പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ച ഒരുമണിയോടെയാണ് സംഭവം.
കൊലപാതകത്തെക്കുറിച്ച് പൊലീസ് പറയുന്നത്: നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന യുവതിയെ കാണാന്‍ അജയ്കുമാര്‍ പാലക്കാടുനിന്നെത്തി മരട് കിങ്സ് പാര്‍ക്ക് റെസിഡന്‍സി ഹോട്ടലില്‍ മുറിയെടുത്തിരുന്നു. യുവതി ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിലെ ബന്ധം അറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് സുരേഷും കൊച്ചിയിലെത്തി. രാത്രി കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെക്കൊണ്ട് അജയ്കുമാറിനെ വിളിപ്പിച്ചു.
സുരേഷ്, അജയ്കുമാറിന്റെ ഹോട്ടല്‍ മുറിയിലേക്കുപോയി. വാക്കേറ്റത്തിൽ അജയ്കുമാറിനെ വീല്‍ സ്പാനര്‍ ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു. അടിയേറ്റ അജയ്കുമാര്‍ പുറത്തേക്കോടി നെട്ടൂര്‍ മാര്‍ക്കറ്റ് റോഡില്‍ എത്തിയെങ്കിലും അവിടെവെച്ചും ആക്രമിച്ചു. സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. അജയ് കുമാറിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.