ക്രൂരകൊലപാതകം: വാരിയെല്ലുകള്‍ ഒടിഞ്ഞ് കരളിലും ശ്വാസകോശത്തിലും തറച്ചുകയറി; വിവാഹമോചനത്തിന് കാരണക്കാരി മാതാവെന്ന് കൃഷ്ണദാസ്

മാവേലിക്കര: നഗരസഭ മുന്‍ കൗണ്‍സിലർ കൂടിയായ കനകമ്മ സോമരാജനെ (67) മകൻ കൃഷ്ണദാസ് (ഉണ്ണി-37) കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിന്റെ അസ്ഥികൾ പൊട്ടിയതായും വാരിയെല്ലുകള്‍ പൂര്‍ണമായി ഒടിഞ്ഞ് കരള്‍, ശ്വാസകോശം എന്നിവയില്‍ തറച്ചുകയറി ഗുരുതര മുറിവേറ്റതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. തലയില്‍ ഏറ്റ ശക്തമായ അടിയില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. കനകമ്മ മൃഗീയ മർദനത്തിന് ഇരയായതായാണ് വ്യക്തമായതെന്ന് പൊലീസ് പറയുന്നു. കിടപ്പുമുറിയില്‍ മൃതദേഹം കട്ടിലില്‍ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. കട്ടിലിലും മുറിയിലും ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

മാവേലിക്കര 12ാം വാര്‍ഡ് മുന്‍ കൗണ്‍സിലറായിരുന്നു സി.പി.ഐ നേതാവ് കൂടിയായ കല്ലുമല ഉമ്പര്‍നാട് ഇട്ടിയപ്പന്‍വിള വൃന്ദാവന്‍ (മുറിമല കിഴക്കതില്‍) കനകമ്മ സോമരാജൻ. സംഭവത്തിൽ മകന്‍ കൃഷ്ണദാസിനെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം പുറത്തറിയുന്നത്. മാതാവിന്റെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകനെ വിളിച്ച് കൃഷ്ണദാസ് തന്നെയാണ് വിവരം പറഞ്ഞത്. ഇയാള്‍ മാവേലിക്കര പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് കൃഷ്ണദാസുമായി ബന്ധപ്പെട്ടപ്പോഴും കൊലപാതകം നടത്തിയതായും കീഴടങ്ങാന്‍ പൊലീസ് സ്‌റ്റേഷനിലേക്ക് എത്തുകയാണെന്നും പ്രതി പറഞ്ഞു. പിന്നീട് മാവേലിക്കര റെയില്‍വേ ലെവല്‍ ക്രോസിനു സമീപത്തെ ചായക്കടയില്‍നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മാവേലിക്കര സി.ഐ സി. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസും വിരലടയാള വിദഗ്ധരും ശാസ്ത്രീയപരിശോധന സംഘവും സ്ഥലത്ത് പരിശോധന നടത്തി.

കനകമ്മയും കൃഷ്ണദാസും മാത്രമായിരുന്നു വീട്ടിൽ താമസം. സ്ഥിരം മദ്യപാനിയായിരുന്ന ഇയാൾ ഡീഅഡിക്ഷൻ സെന്ററിൽനിന്ന് മാസങ്ങൾക്ക് മുമ്പാണ് വീട്ടിലെത്തിയത്. പിതാവ് സോമരാജന്റെ മരണത്തിനുശേഷമാണ് കൃഷ്ണദാസ് സ്ഥിരം മദ്യപാനിയായതത്രേ.

തന്‍റെ വിവാഹമോചനത്തിന് കാരണക്കാരി മാതാവാണെന്ന് കൃഷ്ണദാസ് ആരോപിച്ചിരുന്നതായി ബന്ധുകൾ മൊഴി നൽകി. വേര്‍പിരിയലിനുശേഷവും ഭാര്യയുമായി കൃഷ്ണദാസിന് ബന്ധം ഉണ്ടായിരുന്നതായും അവരെ തിരികെ കൊണ്ടുവരുന്നതിനെച്ചൊല്ലി കൃഷ്ണദാസും മാതാവും തമ്മില്‍ കലഹം ഉണ്ടാകുന്നത് പതിവായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ഇയാളുമായി പിണങ്ങി കനകമ്മ ബന്ധുവീടുകളിലായിരുന്നു പലപ്പോഴും താമസം. കുറച്ചുദിവസം മുമ്പാണ് കൃഷ്ണദാസ് മാതാവിനെ വീണ്ടും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.

കൊറ്റാര്‍കാവില്‍ മാതാവിന്റെ പേരിലുള്ള ഭൂമി വിറ്റ് പണം തരണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് കുറച്ച് ദിവസമായി ഇവര്‍ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് പരിഹരിച്ച് ഭൂമിയുടെ വില്‍പനക്കായുള്ള നടപടികൾ തുടങ്ങിയതായി കനകമ്മ സഹോദരൻ ശശിധരനെയും സഹോദരപത്നി രമയെയും വിളിച്ചുപറഞ്ഞിരുന്നതായി അവര്‍ പറഞ്ഞു. ഇതിനുശേഷം കൃഷ്ണദാസ് ഇവരെ വിളിച്ച് അമ്മ വസ്തുവിൽക്കാന്‍ സമ്മതിച്ചതായും ഇത് മുടക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. വസ്തു വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇവര്‍ അനുമാനിക്കുന്നു. കൃഷ്ണദാസിനെ മാവേലിക്കര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - mavelikkara kanakamma somarajan murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.