തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ 'ഇക്കണോമിക് ഒഫൻസസ് വിങ്' ഉടൻ പ്രവർത്തനമാരംഭിക്കും. കേരള പൊലീസിന് കീഴിൽ സ്വതന്ത്ര ചുമതലയോടെ പ്രവർത്തിക്കുന്ന സംവിധാനത്തിന്‍റെ ഘടനക്ക് ഏറക്കുറെ രൂപമായി. ഉടൻ നിലവിൽ വരുമെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
നിലവിൽ ഇത്തരം പരാതികൾ ലോക്കൽ പൊലീസ് സ്റ്റേഷനുകളിലാണ് നൽകുന്നത്. കേസിന്‍റെ സ്വഭാവം അനുസരിച്ച് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. എന്നാൽ മറ്റ് പല സംസ്ഥാനങ്ങളിലും സാമ്പത്തിക കുറ്റങ്ങൾ പ്രത്യേകമായി അന്വേഷിക്കാൻ സംവിധാനമുണ്ട്. കേരളത്തിലും ഈ സംവിധാനം വേണമെന്ന ശിപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.
പൊലീസ് ആസ്ഥാനം കേന്ദ്രീകരിച്ച് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും ചുമതല. എസ്.പി, ഡിവൈ.എസ്.പി, സി.ഐ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കും. എല്ലാ ജില്ലകളിലും പരാതികൾ സ്വീകരിക്കാൻ സംവിധാനം ഏർപ്പെടുത്തും. പ്രായോഗികമല്ലെങ്കിൽ ഓൺലൈനായി സ്വീകരിക്കും.
ആധുനിക സാങ്കേതികസംവിധാനങ്ങളുടെ സഹായത്തോടെയായിരിക്കും അന്വേഷണം. പല സാമ്പത്തിക തട്ടിപ്പുകൾക്കും നേതൃത്വം നൽകുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നത് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുനിന്നാണ്. നിലവിലെ സംവിധാനത്തിൽ കുറ്റവാളികളെ കണ്ടെത്തുക ശ്രമകരമായതിനാലാണ് കൂടുതൽ അധികാരത്തോടെ പുതിയ വിഭാഗത്തിന് രൂപം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.