തമിഴ്നാട്ടിൽനിന്ന് പിടികൂടിയ മുകേഷിനെ കോട്ടായി പൊലീസ് ചൂലനൂരിൽ തെളിവെടുപ്പിന് കൊണ്ടുപോകുന്നു
പെരിങ്ങോട്ടുകുറുശ്ശി: വിഷുദിവസം അർധരാത്രി വീട്ടിൽ കയറി കുടുംബത്തിലെ നാലുപേരെ വെട്ടി ഗുരുതര പരിക്കേൽപിച്ച് കടന്നുകളഞ്ഞ പ്രതിയെ തമിഴ്നാട്ടിൽനിന്ന് കോട്ടായി പൊലീസ് പിടികൂടി. പല്ലാവൂർ സ്വദേശി മുകേഷാണ് (35) തമിഴ്നാട്ടിലെ അവിനാശിയിൽനിന്ന് പിടിയിലായത്. ചൂലനൂർ കൊഴുക്കുള്ളിപ്പടി സ്വദേശി മണി (55), ഭാര്യ സുശീല (49), മക്കളായ രേഷ്മ (25), ഇന്ദ്രജിത്ത് (22) എന്നിവരെയാണ് രാത്രി വീട്ടിൽ കയറി ഗുരുതര വെട്ടിപ്പരിക്കേൽപിച്ചത്.
മണിയുടെ ഭാര്യ സുശീലയുടെ സഹോദരിയുടെ മകനാണ് മുകേഷ്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും കോട്ടായി പൊലീസും ചേർന്നാണ് അന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. രാത്രി വീട്ടിലേക്ക് പെട്രോൾ ഒഴിച്ച് തീവെക്കാനും ശ്രമം നടന്നിരുന്നു. വീടിനു ചുറ്റും മാരക ശക്തിയുള്ള പടക്കങ്ങളും നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. പ്രതിയുടെ ബൈക്ക്, ഫോൺ എന്നിവ ലഭിച്ചതാണ് കേസിനു തുമ്പുണ്ടാക്കാൻ പൊലീസിന് സഹായകമായത്. ഇന്ദ്രജിത്തിന്റെയും രേഷ്മയുടെയും കൈവിരലുകൾ അറ്റുതൂങ്ങിയിരുന്നു. രേഷ്മ ബംഗളൂരുവിൽ ആർ.പി.എഫ് ഉദ്യോഗസ്ഥയാണ്. അവധിക്ക് നാട്ടിൽ വന്നതായിരുന്നു. കോട്ടായി സർക്കിൾ ഇൻസ്പെക്ടർ കെ.സി. വിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.