യൂസഫ്
വളാഞ്ചേരി: പ്രായമായ സ്ത്രീകളെ കബളിപ്പിച്ച് പണവും സ്വര്‍ണാഭരണവും തട്ടിയെടുക്കുന്ന കേസിൽ മധ്യവയസ്കനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചാവക്കാട് നാട്ടിക സ്വദേശി പടാട്ട് യൂസഫ് (42) ആണ് അറസ്റ്റിലായത്. വളാഞ്ചേരി സ്വദേശിയായ വയോധികയില്‍നിന്ന് രണ്ടര പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരി ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന വയോധികയെ സമീപിച്ച പ്രതി മകന്‍റെ സുഹൃത്തും മിലിട്ടറി ഓഫിസറും ആണെന്ന് പരിചയപ്പെടുത്തി. സർക്കാറിൽനിന്ന് വലിയ ആനുകൂല്യങ്ങള്‍ വാങ്ങിത്തരാമെന്നും ഇതിന് കുറച്ചു പണം വേണ്ടിവരുമെന്നും വിശ്വസിപ്പിച്ചു. പണം കൈവശമില്ലാത്തതിനാൽ വയോധിക സ്വര്‍ണാഭരണം ഊരി നൽകി. പിന്നീട് കബളിപ്പിക്കൽ ബോധ്യമായ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. വാക് സാമർഥ്യം കാണിച്ച് മറ്റുള്ളവരിൽ വിശ്വാസം നേടുന്ന പ്രതി സമാനമായ രീതിയിൽ വളാഞ്ചേരി പാലച്ചോട്, കുറ്റിപ്പുറം ചെല്ലൂര്‍ എന്നിവിടങ്ങളിൽനിന്ന് നേരത്തെ സ്വര്‍ണാഭരണവും പണവും തട്ടിയെടുത്തിട്ടുണ്ട്. തിരൂർ, തൃശൂർ പൊലീസ് സ്റ്റേഷനിലായി ഇയാൾക്കെതിരെ പത്തോളം കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.എച്ച്.ഒ കെ.ജെ. ജിനേഷ്, എസ്.ഐമാരായ നൗഷാദ്, അസീസ്, എസ്.സി.പി.ഒ പത്മിനി, സി.പി.ഒമാരായ ഗിരീഷ്, രജിത എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.