തമ്പുരാൻപടിയിലെ മോഷണം: മോഷ്ടാവിനെക്കുറിച്ച് സൂചനകൾ; അന്വേഷണം ഊർജിതം

ഗുരുവായൂർ: ആനത്താവളത്തിനടുത്ത് തമ്പുരാൻപടിയിൽ കുരഞ്ഞിയൂർ ബാലന്‍റെ വീട്ടിൽ നിന്ന് 371 പവനോളം സ്വർണം മോഷണം പോയ സംഭവത്തിൽ അന്വേഷണം വൈകാതെ പ്രതിയിലെത്തുമെന്ന പ്രതീക്ഷയിൽ പൊലീസ്. വീടുമായി ബന്ധപ്പെട്ടവരെ പൊലീസ് ശനിയാഴ്ച ചോദ്യം ചെയ്തു. സമീപപ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. സി.സി.ടി.വിയിൽ ഒരാളെയാണ് കാണുന്നതെങ്കിലും പ്രഫഷണൽ സംഘം സംഭവത്തിന് പിന്നിലുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

40 മിനിറ്റ് സമയംകൊണ്ടാണ് വീടിന്‍റെ മതിൽ ചാടിക്കടന്ന് മുകൾ നിലയിലേക്ക് കയറി വാതിൽ പൊളിച്ച് കിടപ്പു മുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണവുമായി സ്ഥലം വിട്ടത്. വൈകീട്ട് ഏഴോടെയാണ് സംഭവം നടന്നിരിക്കുന്നത്. മുകൾ നിലയിലെ ഇരുമ്പ് ഗ്രില്ല് പൂട്ടാതെയിട്ടത് മോഷ്ടാവിന് സൗകര്യമായി. വാതിൽ പൊളിക്കാനും മറ്റുമായി കൊണ്ടുവന്ന ഉപകരണം പൊതിഞ്ഞിരുന്ന പത്രം സ്ഥലത്ത് നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. വീട്ടുകാർ സിനിമക്ക് പോയിവരുന്ന സമയത്തിനിടെയായിരുന്നു മോഷണം. സംസ്ഥാന ഹൈവേക്ക് സമീപമുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാരുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുകയോ കൃത്യമായ അറിവ് ലഭിക്കുകയോ ചെയ്തിരിക്കണം. വീട്ടുകാർ പെട്ടെന്ന് തിരിച്ചെത്തിയാൽ അറിയാനായി മുൻഭാഗത്തെ വാതിൽ മോഷ്ടാവ് അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു.

എ.സി.പി കെ.ജി. സുരേഷിന്‍റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായാണ് പൊലീസ് അന്വേഷണം നടത്തുന്നത്. 371 പവൻ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക വിവരമെങ്കിലും ഇതിലും അധികം സ്വർണം നഷ്ടപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് കരുതുന്നു. 3.75 കിലോയോളം സ്വർണമുണ്ടെന്നാണ് സൂചന.

സി.സി.ടി.വി ഉണ്ടായാൽ മാത്രം പോര

ഗുരുവായൂർ: സുരക്ഷക്കായി സി.സി.ടി.വി കാമറ സ്ഥാപിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്ന് തമ്പുരാൻപടിയിലെ മോഷണം തെളിയിക്കുന്നുവെന്ന് പൊലീസ്. മോഷണം നടന്ന വീട്ടിൽ നിരീക്ഷണ കാമറകൾ ഉണ്ടായിരുന്നെങ്കിലും ചിത്രം വ്യക്തമാകുന്ന നിലവാരത്തിലുള്ളവയല്ലായിരുന്നു കാമറകൾ. മോഷ്ടാവിനെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യത്തിൽ നിന്ന് തിരിച്ചറിയാനാവില്ല. കാമറകൾ തെരഞ്ഞെടുക്കുമ്പോൾ വ്യക്തതയുള്ള ചിത്രങ്ങൾ ഹൈ ഡെഫനിഷൻ നിലവാരത്തിലുള്ളതാണെന്ന് ഉറപ്പാക്കണമെന്നാണ് പൊലീസ് പറയുന്നത്. കാമറ സ്ഥാപിച്ചു എന്നതിനാൽ മാത്രം മോഷ്ടാവിനെ കണ്ടെത്താൻ കഴിയണമെന്നില്ല.

പെട്ടെന്ന് പോയി തിരിച്ചുവരാമെന്ന് വീട്ടുകാർ കരുതുമെങ്കിലും നിങ്ങളുടെ യാത്രകൾ നിരീക്ഷിച്ച് മോഷ്ടാവ് പരിസരത്തുണ്ടാകാമെന്നത് ഓർക്കണമെന്നും പൊലീസ് പറയുന്നു. ഉച്ചക്ക് മൂന്നിനുള്ള സിനിമക്ക് പോയി പെട്ടെന്ന് തിരിച്ചുവരാമെന്നാണ് ബാലന്‍റെ വീട്ടുകാർ കരുതിയത്. സിനിമ കഴിഞ്ഞ് ഹോട്ടലിൽനിന്ന് ഭക്ഷണവും കഴിച്ച് മകളുടെ മകളെ മുണ്ടൂരിലെ വീട്ടിലാക്കി തിരിച്ചെത്തുമ്പോൾ രാത്രി എട്ടരയായിരുന്നു. ഇതിനിടയിൽ മോഷ്ടാവ് കോടികൾ വിലമതിക്കുന്ന സ്വർണവുമായി കടന്നു കളഞ്ഞു. പെട്ടെന്ന് തിരിച്ച് വരുന്ന യാത്രയെന്ന നിലക്ക് മുകൾ നിലയിലെ ഗ്രിൽ പോലും പൂട്ടിയില്ല. മോഷ്ടാവ് എല്ലാവരും ഉറങ്ങി കിടക്കുന്ന പാതിരാത്രിയിൽ കടന്നു വരുന്നയാളാണെന്ന് ചിന്തിച്ച് നാം പുലർത്തുന്ന അലസത കള്ളന് വളമാകുന്നുണ്ടെന്ന് എ.സി.പി കെ.ജി. സുരേഷ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - Thampuranpadi theft investigation is in full swing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.