സാമ്പത്തിക സ്വാതന്ത്ര്യം, ഇൻസ്റ്റ റീൽസ്, മ്യൂസിക് വിഡിയോ...; ടെന്നിസ് താരത്തിന്‍റെ കൊലപാതകം മാസങ്ങൾ നീണ്ട കുടുംബ കലഹത്തിനൊടുവിൽ

ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ ടെന്നിസ് താരം രാധിക യാദവിനെ പിതാവ് ദീപക് യാദവ് വെടിവെച്ച് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ടെന്നിസ് അക്കാദമി നടത്തുന്ന മകളുടെ ചെലവിലാണ് ജീവിക്കുന്നതെന്ന് ആളുകൾ പരിഹസിച്ചതിൽ അസ്വസ്ഥനായാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇതിനു പുറമെ രാധികയുടെ ഇസ്റ്റഗ്രാം റീൽ, ഒടുവിൽ പുറത്തുവന്ന മ്യൂസിക് വിഡിയോ എന്നിവയെല്ലാം ഇരുവർക്കുമിടയിൽ തർക്കമുണ്ടാക്കിയെന്നും മാസങ്ങൾ നീണ്ട കുടുംബ കാലഹങ്ങൾക്കൊടുവിലാണ് കൊലപാതകമെന്നുമാണ് വിവരം.

25കാരിയായ രാധിക ദേശീയതലത്തിൽ കളിച്ചിരുന്ന ടെന്നിസ് താരമാണ്. തോളിന് പരിക്കേറ്റതോടെ പ്രഫഷനൽ ടെന്നിസ് നിർത്തി അക്കാദമി ആരംഭിച്ചു. വസിറബാദ് സ്വദേശിയായ ദീപക്, നാട്ടിലെത്തുമ്പോഴെല്ലാം മകളുടെ ചെലവിൽ കഴിയുകയാണെന്ന് ആളുകൾ പരിഹസിച്ചു. ഇത് ദീപകിന് അഭിമാന പ്രശ്നമായി മാറി. അക്കാദമി അടച്ചുപൂട്ടാൻ രാധികയോട് പലതവണ ആവശ്യപ്പെട്ടു. എന്നാൽ ഇതിനു തയാറല്ലെന്ന് രാധിക പറഞ്ഞതോടെ വീണ്ടും വഴക്കുണ്ടായി.

അക്കാദമി നടത്തിക്കൊണ്ടുപോകുന്നതും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മിക്കപ്പോഴും തർക്കമുണ്ടായത്. എന്നാൽ ഏറ്റവുമൊടുവിൽ രാധിക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത മ്യൂസിക് വിഡിയോയും അസ്വാരസ്യങ്ങൾക്ക് കാരണമായി. ഒരു വർഷം മുമ്പ് സ്വതന്ത്ര കലാകാരനായ ഇനാം പാടി സീഷൻ അഹ്മദ് നിർമിച്ച ഗാനമായ ‘കർവാൻ’ ആണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. ഇനാമും രാധികയും ഒരുമിച്ചുള്ള രംഗങ്ങൾ വിഡിയോയിൽ ഉണ്ടായിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കാൻ ദീപക് രാധികയോട് പലതവണ ആവശ്യപ്പെട്ടിരുന്നു.

വ്യാഴാഴ്ച രാവിലെ 10.30ഓടെ വീട്ടിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്ന മകളുടെ പിന്നിൽനിന്ന് ദീപക് അഞ്ച് തവണ വെടിയുതിർത്തു. ഇതിൽ മൂന്നെണ്ണം ശരീരത്തിൽ തുളഞ്ഞുകയറി. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും രാധിക മരിച്ചിരുന്നു. താഴത്തെ നിലയിൽ താമസിക്കുകയായിരുന്ന ദീപകിന്‍റെ സഹോദരനാണ് പൊലീസിൽ വിവരമറിയിച്ചത്. പ്രാഥമിക ചോദ്യംചെയ്യലിൽത്തന്നെ 49കാരനായ പ്രതി കുറ്റം സമ്മതിച്ചു.

ഒന്നാംനിലയിൽനിന്ന് വെടിയൊച്ച കേട്ട് താനും മകനും അങ്ങോട്ട് എത്തുകയായിരുന്നുവെന്ന് പ്രതിയുടെ സഹോദരൻ പരാതിയിൽ പറയുന്നു. വെടിയേറ്റു കിടക്കുന്ന രാധികയെ അടുക്കളയിലും തൊട്ടടുത്ത മുറിയിൽ റിവോൾവറും കണ്ടു. ഉടൻതന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനകം ജീവൻ നഷ്ടമായിരുന്നു. തോക്ക് പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Taunted For Living Off Daughter's Earnings, Tennis Player's Father Killed Her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.