ചെന്നൈ: മനുഷ്യക്കടത്ത് കേസിൽ എ.ഡി.ജി.പി (സായുധ സേന) എച്ച്.എം. ജയറാമിനെ മദ്രാസ് ഹൈകോടതി നിർദേശാനുസരണം പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെ വേർപെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കാമുകന്റെ ഇളയ സഹോദരനെ തട്ടിക്കൊണ്ടുപോയതിന് ‘പുരച്ചി ഭാരതം’ പാർട്ടി നേതാവും വെല്ലൂർ ജില്ലയിൽപ്പെട്ട കെ.വി. കുപ്പം നിയോജകമണ്ഡലത്തിലെ എം.എൽ.എയുമായ പൂവൈ എം.ജഗൻമൂർത്തിക്കെതിരെ കേസെടുത്തിരുന്നു. പ്രസ്തുത കേസിൽ എ.ഡി.ജി.പി ജയറാമിന്റെ പങ്കാളിത്തം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാൻ ഉത്തരവിട്ടത്.
ലക്ഷ്മി എന്ന സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവള്ളൂർ പൊലീസ് സ്റ്റേഷനിലാണ് തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ അറസ്റ്റുണ്ടാകുമെന്നതിനാൽ എം.എൽ.എ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി അപ്രതീക്ഷിത ഉത്തരവ് പുറപ്പെടുവിച്ചത്.
തിരുവലങ്ങാട് 16കാരനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതിനെ തുടർന്ന് അമ്മ ലക്ഷ്മി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ലക്ഷ്മിയുടെ മൂത്തമകന്‍ ധനുഷ് തേനിയിലുള്ള യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ചെന്നൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ധനുഷ് സമൂഹമാധ്യമത്തിലൂടെയാണ് യുവതിയുമായി പരിചയപ്പെട്ടത്. വിവാഹവിവരമറിഞ്ഞതോടെ ധനുഷിനെ തട്ടിക്കൊണ്ടുപോകാന്‍ യുവതിയുടെ അച്ഛന്‍ തീരുമാനിച്ചു.
മുന്‍ പൊലീസ് ഉദ്യോഗസ്ഥ മഹേശ്വരിയുടെ സഹായം ഇതിനായി തേടി. ഇവര്‍ എഡിജിപിയെ സമീപിച്ചു. എഡിജിപി എംഎല്‍എയേയും ഇക്കാര്യം അറിയിച്ചുവെന്നാണ് വിവരം. ഇവര്‍ ഏര്‍പ്പാടാക്കിയ സംഘം വീട്ടിലെത്തിയപ്പോള്‍ ധനുഷ് ഉണ്ടായിരുന്നില്ല. പകരം ധനുഷിന്‍റെ അനുജനെ കടത്തിക്കൊണ്ടുപോയി. പൊലീസ് അന്വേഷണം ശക്തമായതോടെ എഡിജിപിയുടെ ഔദ്യോഗിക വാഹനത്തില്‍ യുവാവിനെ ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിട്ടുവെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.