ചെന്നൈ: തമിഴ്നാട്ടിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ 2021ൽ കുത്തനെ വർധിച്ചതായി സംസ്ഥാന സർക്കാർ കണക്കുകൾ .
ആഭ്യന്തര വകുപ്പിന് ഗ്രാന്റുകൾ നൽകണമെന്ന ആവശ്യത്തിനിടെ തമിഴ്‌നാട് സർക്കാർ തിങ്കളാഴ്ച നിയമസഭയിൽ ഇതുസംബന്ധിച്ച കണക്കുകൾ സമർപ്പിക്കുകയായിരുന്നു. 2021ൽ സ്ത്രീകൾക്കെതിരെ ആകെ 2,421 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ 442 ബലാത്സംഗ കേസുകൾ, 27 സ്ത്രീധന മരണങ്ങൾ, 875 ഗാർഹിക പീഡനങ്ങൾ മുഖേനയുള്ള കേസുകളും 1,077 പീഡന കേസുകളുമാണ് ഉൾപ്പെടുന്നത്. 2019ൽ 2000ൽ താഴെ കേസുകളാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2020-ൽ അത് 2,000ത്തിന് മുകളിലേക്ക് പോവുകയായിരുന്നു.
തമിഴ്നാട്ടിൽ പീഡനക്കേസുകളിലായിരുന്നു ഏറ്റവും ആശങ്കാജനകമായ കുതിപ്പ്. 2019ൽ സംസ്ഥാനത്ത് 803 പീഡനക്കേസുകളുണ്ടായത് 2020ൽ 892 ആയും 2021ൽ 1077 ആയും ഉയർന്നു.
കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ ആകെ 442 ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കുട്ടികളുടെ കേസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടവയുടെ എണ്ണം ഇതിലും മോശമാണെന്നും തമിഴ്‌നാട്ടിൽ ലൈംഗികാതിക്രമ കേസുകൾ (പോക്‌സോ) വർധിച്ചുവരികയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2019ൽ ഏകദേശം 2400 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2020ൽ ഇത് 3,090 ആയും 2021ൽ 4,469 ആയും ഉയർന്നു.
ലോകത്തുള്ള 35 ശതമാനം സ്ത്രീകളും അവരുടെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ പങ്കാളിയുടെ അക്രമമോ പങ്കാളിയല്ലാത്ത ഒരാളുടെ ലൈംഗികാതിക്രമമോ അനുഭവിച്ചിട്ടുള്ളവരാണെന്ന് യുനൈറ്റഡ് നേഷൻസ് ഡാറ്റ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.