പ്രതികളായ ഡാർവിൻ, ശ്യാമപ്രസാദ്
പനങ്ങാട്: ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസുകളിലെ പ്രതികൾ പനങ്ങാട് പൊലീസിൻ്റെ പിടിയിൽ. പനങ്ങാട് സെബാൻപുരം പന്തേക്കാട്ട് വീട്ടിൽ ഡാർവിൻ (23), പനങ്ങാട് ചർച്ച് റോഡിൽ മാനാട്ടിൽ വീട്ടിൽ ശ്യാമപ്രസാദ് (18) എന്നിവരെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. പനങ്ങാട് നിവാസികളുടെ ഉറക്കം കെടുത്തിയ പ്രതികളാണ് പിടിയിലായത്. ഏകദേശം ഒന്നര ആഴ്ചയോളം പനങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ മോഷണ കേസിലെ പ്രതികളെയാണ് പിടികൂടിയത്.
രാത്രികാലങ്ങളിൽ ബൈക്കിൽ ചുറ്റികറങ്ങി ക്ഷേത്രങ്ങളിൽ പ്രവേശിച്ച് പൂട്ട് തകർത്ത് ഭണ്ഡാരം, കിണ്ടികൾ, വിളക്കുകൾ, വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങൾ എന്നിവ മോഷ്‌ടിച്ചു കടക്കുന്നതായിരുന്നു ഇവരുടെ പതിവ്. ഇവർ സഞ്ചരിച്ച ബൈക്ക് മോഷണ വാഹനവും നമ്പർ പ്ലേറ്റും വ്യാജമായതിനാൽ പൊലീസിന് ഇവരെ പിടികൂടുക എന്നത് ശ്രമകരമായ ജോലിയായിരുന്നു. അന്വേഷണത്തിൽ തൃശ്ശൂർ ചാലക്കുടി ഭാഗത്തു നിന്നും മോഷ്ടിച്ച ബൈക്ക് ആണെന്ന് പനങ്ങാട് ഇൻസ് പെക്ടർ വി. വി. വിമൽ അറിയിച്ചു. ഒട്ടനവധി സിസിടിവി ക്യാമറകൾ പരിശോധിച്ചും പ്രതികൾ സഞ്ചരിച്ച വഴികളും മനസ്സിലാക്കി നടത്തിയ അന്വേഷണത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്.
പനങ്ങാട് കോതേശ്വരം ശിവ ക്ഷേത്രം, പാട്ടുപറമ്പിൽ മഹാദേവ ക്ഷേത്രം, നെട്ടൂർ കല്ലാത്ത് ശ്രീ കൃഷ്‌ണസ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ ഇവർ മോഷണ സാമഗ്രഹികൾ ചോറ്റാനിക്കരയിലുള്ള ആക്രികടയിൽ വിറ്റഴിക്കുകയായിരുന്നു. മോഷണ വസ്‌തുക്കൾ പൊലീസ് കണ്ടെടുത്തു. ഒന്നാം പ്രതിയായ ഡാർവിന് പോക്സോ, ഭാവന ഭേദനം ഉൾപ്പടെ നിരവധി കേസുകൾ ഉള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് പനങ്ങാട് സർക്കിൾ ഇൻസ് പെക്ടർ വി. വി. വിമലിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. എസ് ഐമാരായ എം. എം. മുനീർ, മുഹമ്മദ് മുബാറക്, പോലീസ് ഉദ്യോഗസ്ഥരായ അരുൺരാജ്, എം. ശ്രീജിത്ത്, ക്രിസ്റ്റഫർ, രെജീഷ് ഉപേന്ദ്രൻ, പി. കെ. സുനിൽകുമാർ എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.