പരിക്കേറ്റ കീർത്തന

സാമൂഹ്യ ​ദ്രോഹികൾ ക്രൂര വിനോദമാക്കിയ ട്രെയിനിനു നേരെയുള്ള കല്ലേറ് വീണ്ടും; ഇരയായത് 12 കാരി

സാമൂഹ്യ ​ദ്രോഹികൾ ക്രൂര വിനോദമാക്കിയ ട്രെയിനിനു നേരെയുള്ള കല്ലേറ് സംഭവങ്ങൾ തുടരുന്നു. ഇത്തവണ ഈ ക്രൂര വിനോദത്തിന്റെ ഇരയായത് 12 വയസുകാരിയായ ഒരു പെൺകുട്ടിയാണ്. താഴെചൊവ്വയ്ക്കും എടക്കാട് റെയിൽവേ സ്റ്റേഷനും ഇടയിലാണ് സംഭവം.

കോട്ടയം പാമ്പാടി മീനടത്തെ കുഴിയാത്ത് എസ്.രാജേഷിന്റെയും രഞ്ജിനിയുടെയും മകൾ കീർത്തനയ്ക്കാണ് കല്ലേറിൽ തലക്ക് പരുക്കേറ്റത്. കുടുംബാംഗങ്ങൾക്കൊപ്പം മൂകാംബിക ക്ഷേത്ര ദർശനത്തിനു ശേഷം മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ (16348) കോട്ടയത്തേക്ക് മടങ്ങുമ്പോൾ താഴെചൊവ്വയ്ക്കും എടക്കാട് റെയിൽവേ സ്റ്റേഷനും ഇടയിലാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്.

അച്ഛമ്മ വിജയകുമാരിക്കൊപ്പം എസ് 10 കോച്ചിൽ ഇരുന്ന് ജനലിലൂടെ പുറംകാഴ്ചകൾ കാണുമ്പോഴാണ് കീർത്തനയ്ക്കു കല്ലേറുകൊണ്ടത്. കീർത്തനയുടെ നിലവിളി കേട്ട് നോക്കുമ്പോൾ തലയുടെ ഇടതുവശത്തു നിന്നു രക്തമൊഴുകുന്നുണ്ടായിരുന്നു. ബഹളംകേട്ട് ടിടിഇയും റെയിൽവേ ജീവനക്കാരും ഓടിയെത്തി. ഇതിനിടെ യാത്രക്കാരിൽ ആരോ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. സഹയാത്രക്കാരിയായ മെഡിക്കൽ വിദ്യാർഥിനി പ്രാഥമിക ശുശ്രൂഷ നൽകി.

ട്രെയിൻ തലശ്ശേരിയിൽ എത്തിയ ഉടൻ ആർപിഎഫും റെയിൽവേ ജീവനക്കാരും ചേർന്ന് കീർത്തനയെ മിഷൻ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. തുടർന്ന് രാത്രി 9.15നു മലബാർ എക്സ്പ്രസിൽ മാതാപിതാക്കൾക്കൊപ്പം കോട്ടയത്തേക്കു യാത്ര തുടർന്നു. കല്ലേറുണ്ടായ പ്രദേശത്ത് ആർപിഎഫും റെയിൽവേ പൊലീസും പരിശോധന നടത്തി.

ട്രെയിനിന് നേരെ കല്ലേറുണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഒരു വിനോദത്തിന് സാമൂഹിക ദ്രോഹികൾ ട്രെയിനിന് നേരെ എറിയുന്ന കല്ല് പലർക്കും ഗുരുതരമായി പരിക്കേൽപിച്ച സംഭവങ്ങൾ നിരവധിയാണ്. വർഷങ്ങളോളം ചികിത്സയിൽ കഴിയേണ്ടി വന്നവരുമുണ്ട്.

മംഗളൂരുവിനും കണ്ണൂരിനും ഇടയിൽ ട്രെയിനു നേരെ കല്ലെറിയുന്നതും ട്രാക്കിൽ കല്ല് നിരത്തുന്നതുമായ സംഭവങ്ങൾ ആവർത്തിക്കുകയാണെന്നു റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഓഗസ്റ്റ് 30ന് ഉള്ളാൾ സ്റ്റേഷനു സമീപം ട്രെയിനിനു കല്ലെറിഞ്ഞ സംഭവത്തിൽ സ്കൂൾ വിദ്യാർഥികൾ പിടിയിലായിരുന്നു. ട്രാക്കിൽ കല്ലു നിരത്തിയ സംഭവങ്ങളിൽ നാലാഴ്ചയ്ക്കിടെ 5 കേസെടുത്തിട്ടുണ്ട്. 

Tags:    
News Summary - stone pelting to trains repeats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.